• Mon. Dec 1st, 2025

24×7 Live News

Apdin News

കേന്ദ്രത്തിൽ നിന്നുള്ള ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ; ശിവൻ കുട്ടി

Byadmin

Dec 1, 2025



തിരുവനന്തപുരം: മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ നോട്ടീസ് രാഷ്‌ട്രീയ നാടകം മാത്രമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ വിഷയത്തിൽ ഇ.ഡി. മുൻ മന്ത്രി തോമസ് ഐസക്കുമായുള്ള നിയമയുദ്ധത്തിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

“മുഖ്യമന്ത്രി കിഫ്ബിയുടെ ചെയർമാനാണെന്ന് ഇ.ഡി. ഇപ്പോൾ തിരിച്ചറിഞ്ഞു എന്നത് ആശ്ചര്യകരമാണ്. കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചപ്പോഴെല്ലാം, ഞങ്ങൾ അവയെ നിയമപരമായും രാഷ്‌ട്രീയമായും നേരിട്ടിട്ടുണ്ട്. ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും കേന്ദ്ര ഏജൻസികൾ പെട്ടെന്ന് സജീവമാകുന്നു. ഇത് ഒരു തിരക്കഥയാണ് .

ഇ.ഡി. കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ ഉപകരണമായി മാറുന്നത് ജനാധിപത്യത്തിന് ഒട്ടും ആരോഗ്യകരമല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആശയക്കുഴപ്പം സൃഷ്ടിക്കാനും എൽഡിഎഫ് സർക്കാരിനെ ലക്ഷ്യം വയ്‌ക്കാനും കേന്ദ്രം ശ്രമിക്കുകയാണ്. ഇ.ഡി.യുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ വ്യക്തമാണ് . കേരള വികസനത്തിന്റെ നട്ടെല്ലായ കിഫ്ബിയെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും പൊതുജന പിന്തുണയോടെ ശക്തമായി ചെറുക്കും.

ഇത്തരം നടപടികളെ നിയമപരമായും രാഷ്‌ട്രീയമായും വെല്ലുവിളിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി തയ്യാറാണ്. കേന്ദ്രത്തിൽ നിന്നുള്ള ഇത്തരം ഭീഷണികൾക്ക് മുന്നിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ മുട്ടുമടക്കില്ല,” ശിവൻ കുട്ടി പറഞ്ഞു.

 

By admin