
നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ എല്ലാ കേന്ദ്രപദ്ധതികളോടും ബീഹാര്‍ സര്‍ക്കാര്‍ വളരെ ക്രിയാത്മകമായാണ് പ്രതികരിച്ചതും അവ നടപ്പാക്കിയതും. പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും സാധാരണക്കാരുമായ ജനകോടികള്‍ക്ക് കേന്ദ്രപദ്ധതികള്‍ വലിയ അനുഗ്രഹമായി എന്നത് സത്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാവിജയം നേടാന്‍ എന്‍ഡിഎയ്‌ക്ക് വഴിയൊരുക്കിയത് ഇവരെ മുന്നില്‍ കണ്ടുള്ള ഈ പദ്ധതികള്‍ വന്‍ വിജയമായി എന്നതു തന്നെയാണ്.
ജലം ജീവാമൃതം
അവയില്‍ ഏറ്റവും പ്രധാനപ്പെട്ടവയില്‍ ഒന്നാണ് ജല്‍ജീവന്‍ മിഷന്‍. മുഴുവന്‍ വീടുകളിലും കുടിവെള്ളം പൈപ്പു വഴി എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അങ്ങകലെയുള്ള കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും വലിയ പ്ലാസ്റ്റിക് കുടങ്ങളില്‍ വെള്ളം നിറച്ച് ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവച്ച് കിലോമീറ്ററുകള്‍ ചുമന്നു പോകുന്ന സ്ത്രീകളുടെ ദയനീയ ദൃശ്യങ്ങള്‍ ഇന്ന് അവിടെയില്ല. എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കഴിഞ്ഞു. ഏതു കൊടിയ വേനലിലും പൈപ്പിലുണ്ട് വെള്ളം. ഇവിടെ 1,67,55,041 വീടുകളാണ് ഉള്ളത്. അവയില്‍ 1,60,36,286 വീടുകളിലും ടാപ്പ് വെള്ളം എത്തിക്കഴിഞ്ഞു. 95.71 ശതമാനം വീടുകളിലും കുടിവെള്ളം പൈപ്പിലൂടെ എത്തി. അതായത് അത്രയും വീടുകളിലെ സ്ത്രീകളുടെ ദുരിതമാണ് അകന്നത്. കുളിക്കാനും കുടിക്കാനും ആഹാരം പാകം ചെയ്യാനുമടക്കം മുഴുവന്‍ ആവശ്യങ്ങള്‍ക്കും മുറ്റത്ത് വെള്ളമുണ്ട്.
റിക്കാര്‍ഡിട്ട് റോഡുകള്‍
മുന്‍പ് ബീഹാറില്‍ പലയിടത്തും നല്ല വഴികള്‍ പോലും ഉണ്ടായിരുന്നില്ല. ദുര്‍ഘടം പിടിച്ച അവസ്ഥ. ഈ അവസ്ഥ പാടെ മാറി. നഗരങ്ങള്‍ തമ്മില്‍ മാത്രമല്ല നഗരങ്ങളെയും വിദൂര ഗ്രാമങ്ങളെ പോലും ബന്ധിപ്പിച്ച് നല്ല റോഡുകള്‍ ഉണ്ടായി. സംസ്ഥാനത്തെവിടെ നിന്നും വെറും അഞ്ചു മണിക്കൂര്‍ കൊണ്ട് പട്നയില്‍ എത്താം. ചെറിയ വഴികളെല്ലാം ടു ലെയിന്‍ വഴികളാക്കി. പലയിടങ്ങളിലും നാലുവരി, ആറുവരി പാതകള്‍ വന്നു. ഓവര്‍ ബ്രിഡ്ജുകള്‍, ഫ്ളൈ ഓവറുകള്‍, ആകാശപാതകള്‍ എന്നിവ വന്നതോടെ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് കുറഞ്ഞു. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് 15 പാലങ്ങളാണ് പണിതത്. 17 എണ്ണങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. 3700 കോടി രൂപയുടെ ആറ് പ്രധാന റോഡ് പദ്ധതികളാണ് നടപ്പായിവരുന്നത്. അഞ്ചു കൊല്ലം കൊണ്ട് 37,000 കോടിയാണ് അടിസ്ഥാനസൗകര്യ വികസനത്തിന് ചെലവിടുന്നത്. ഇതെല്ലാം കേന്ദ്ര പദ്ധതികളാണ്. 2005 വരെ 3629 കിലോ മീറ്റര്‍ ദേശീയ പാതയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇത് 6147 കി.മീ. ആയി. 8457 കി.മി. സംസ്ഥാന പാതകള്‍ ഇപ്പോള്‍ 16,296 കി.മി. ആയി.
ജന്‍ധന്‍ വഴി സ്ത്രീ ശാക്തീകരണം
സ്ത്രീശാക്തീകരണത്തിനുള്ള പ്രധാനപദ്ധതികളില്‍ ഒന്നാണ് ജന്‍ധന്‍ യോജന. മുഴുവന്‍ ജനങ്ങളെയും സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് ലക്ഷ്യം. മൂന്നു കോടിയിലേറെ സ്ത്രീകള്‍ക്കാണ് ഈ അക്കൗണ്ടുകള്‍ ഉള്ളത്. അവയില്‍ 1.16 കോടിയും കേന്ദ്രത്തിന്റെ, സൗജന്യമായി എല്‍പിജി കണക്ഷന്‍ പദ്ധതിയായ ഉജ്വലയുടെ കണക്ഷന്‍ ലഭിച്ചവരും. ദേശീയ തലത്തില്‍ രണ്ടാം സ്ഥാനത്താണ് ബീഹാര്‍.
മുദ്രയില്‍ നേട്ടം
യുവജനതയ്‌ക്ക് സ്വന്തം നിലയ്‌ക്കും കൂട്ടായും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും അങ്ങനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനും ഉദ്ദേശിച്ച് കേന്ദ്രം തുടങ്ങിയ പദ്ധതിയാണ് മുദ്ര യോജന. 96 ലക്ഷത്തിലേറെ പേരാണ് ബീഹാറില്‍ മുദ്ര വായ്‌പ എടുത്തിട്ടുള്ളത്. 59,000 കോടി രൂപയാണ് വായ്‌പയായി അനുവദിച്ചിട്ടുള്ളത്.
അന്നം മുഖ്യം
അന്നപൂര്‍ണ്ണ അന്ത്യോദയ പദ്ധതിയാണ് പത്തു വര്‍ഷം കൊണ്ട് ഭാരതത്തിലെ 20 കോടിയോളം പേരെ ദാരിദ്ര്യമുക്തമാക്കാന്‍ സഹായിച്ചത്. ബീഹാറില്‍ 25 ലക്ഷം കുടുംബങ്ങളാണ് ഇതുവഴി പട്ടിണിയില്‍ നിന്ന് കരകേറിയത്. ഇവ മാത്രമല്ല എല്ലാ കേന്ദ്ര പദ്ധതികളും മികച്ച രീതിയിലാണ് ബീഹാറില്‍ നടപ്പാക്കിയത്. ഒരിക്കല്‍ കാട്ടുഭരണം നിലനിന്നിരുന്ന ഇവിടം വലിയ പുരോഗതിയുടെ പാതയിലാണ്.