• Fri. Mar 21st, 2025

24×7 Live News

Apdin News

കേന്ദ്രമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാര്‍ പരസ്പരം വെടിവച്ചു; ഒരാള്‍ കൊല്ലപ്പെട്ടു

Byadmin

Mar 20, 2025


കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായുടെ അനന്തരവന്മാര്‍ പരസ്പരം വെടിവച്ചു. ഒരാള്‍ മരിച്ചു. ബിഹാറിലെ ജഗത്പൂരിലാണ് സംഭവം. നിത്യാനന്ദ റായുടെ സഹോദരിക്കും പരുക്കേറ്റു. കുടുംബ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വിശ്വജീത് എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ജയ്ജീത് എന്നയാള്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഇയാള്‍ ഭഗല്‍പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതിനിടെ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് വിവരം.

കുടിവെള്ളത്തെച്ചൊല്ലി സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെള്ളം വരുന്ന പൈപ്പിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഒരു സഹോദരന്‍ മറ്റേയാള്‍ക്ക് നേരെ ആദ്യം വെടിയുതിര്‍ത്തു. വെടിയേറ്റയാള്‍ തോക്ക് തട്ടിപ്പറിച്ച് തിരിച്ചും വെടിയുതിര്‍ത്തു എന്നാണ് പൊലീസ് പറയുന്നത്.

‘ഇന്ന് രാവിലെ 7.30 ഓടെ ജഗത്പൂര്‍ ഗ്രാമത്തില്‍ രണ്ട് സഹോദരന്മാര്‍ പരസ്പരം വെടിയുതിര്‍ത്തതായി വിവരം ലഭിക്കുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു, മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. മരിച്ചയാളുടെ പോസ്റ്റ്മോര്‍ട്ടം നടക്കുകയാണ്. കുടിവെള്ള പൈപ്പിനെ പറ്റിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം, ഇരുവരും പരസ്പരം വെടിവച്ചു. വിശ്വജീത്, ജയ്ജീത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടുപേരും ഒരു കേന്ദ്ര മന്ത്രിയുടെ ബന്ധുക്കളാണെന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം’, എന്നാണ് നവ്ഗച്ചിയ എസ്പി പ്രേരണ കുമാര്‍ അറിയിച്ചത്. ആശുപത്രിയില്‍വെച്ച് വിശ്വജീത് മരിച്ചതായും ജയ്ജീതിന്റെ നില ഗുരുതരമാണെന്നും ഡോക്ടര്‍മാരും അറിയിച്ചു.

 

By admin