
ചേര്‍ത്തല: ദേശീയപാത കഞ്ഞിക്കുഴിയില്‍ എഎസ് കനാലിലൂടെ ജലഗതാഗതം ഇനി സുഗമമാകും. എഎസ് കനാലിനു കുറുകെ കഞ്ഞിക്കുഴിയില്‍ ദേശീയപാതയില്‍ മേല്‍പാലം വന്നാല്‍, ജില്ലയിലെ ടൂറിസവും ജലഗതാഗതവും ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനമാകും. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നടപടി സ്വീകരിച്ചതോടെയാണ് കഞ്ഞിക്കുഴി മേല്‍പ്പാലം യാഥാര്‍ഥ്യമായത്.
ഇതോടെ വര്‍ഷക്കാലങ്ങളില്‍ ഉണ്ടാകുന്ന വെള്ള കെട്ടിനും ശാശ്വത പരിഹാരമാകുകയാണ്. മേല്‍പാലം നിര്‍മാണത്തിന്റെ പൈലിങ് ജോലികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ആദ്യകാലങ്ങളില്‍ ചേര്‍ത്തലയില്‍ നിന്നും എറണാകുളത്തേയ്‌ക്കും, ആലപ്പുഴയിലേയ്‌ക്കും കൊപ്രാ-തേങ്ങ പോലുള്ള ചരക്കുകള്‍ കൊണ്ടുപോയിരുന്നതും എഎസ് കനാലിലൂടെയായിരുന്നു. പിന്നീട് ദേശീയ പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബണ്ട് നിര്‍മ്മിച്ചതോടെയാണ് കനാല്‍ മുറിഞ്ഞ് പോയത്. പ്രമുഖ കയര്‍ വ്യവസായിയും എന്‍ജിനീയറുമായ വി.വി.പവിത്രനായിരുന്നു ആദ്യകാല നിര്‍മാണ ചുമതല വഹിച്ചത്. ആറ് വരി പാത നിര്‍മ്മാണം വന്നതോടെയാണ് വിവിധയിടങ്ങളില്‍ നിന്നും മേല്‍പ്പാലം വേണമെന്ന ആവശ്യം ഉയര്‍ന്ന് വന്നത്.
പാലം നിര്‍മ്മിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്നും ആദ്യം അനുകൂലമായ നിലപാട് ഉണ്ടായിരുന്നില്ല. ഇതിനായി സംസ്ഥാന സര്‍ക്കാരാണ് പണം മുടക്കേണ്ടതെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ കേന്ദ്ര വകുപ്പ് മന്ത്രിയുമായി സംസാരിച്ചതിനുശേഷം ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പണം മുടക്കി അഞ്ച് മീറ്റര്‍ ഉയരത്തിലാണ് പാലം നിര്‍മ്മിക്കുന്നത്.പാലം വരുന്നതോടെ തദ്ദേശ നിവാസികള്‍ക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു.
വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ സര്‍വീസ് റോഡുകള്‍ നിര്‍മ്മിക്കുകയും, പാലം, അണ്ടര്‍ പാസ്സും സൗകര്യപ്രദമായി രീതിയില്‍ ആവണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. എഎസ് കനാലിന്റ ഇരുവശങ്ങളിലെ കയ്യേറ്റങ്ങളും, റോഡുകളുമായി ബന്ധിപ്പിക്കേണ്ട ചെറിയ പാലങ്ങളും ത്രിതല പഞ്ചായത്തിന്റെയും, സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ പെടുത്തി നിര്‍മ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.