ന്യൂദല്‍ഹി: വിലക്കയറ്റം നികത്തുന്നതിനായി, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നെസ് അലവന്‍സും പെന്‍ഷന്‍കാര്‍ക്ക് ഡിയര്‍നെസ് റിലീഫും അധികമായി അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെയും പെന്‍ഷന്റെയും 55 ശതമാനം ഡിഎ ഇനിമുതല്‍ ലഭിക്കും. ഡിഎയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം പ്രഖ്യാപിച്ചത്. 2025 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്.
ഡിയര്‍നെസ് അലവന്‍സിലും ഡിയര്‍നെസ് റിലീഫിലും വര്‍ദ്ധനവ് മൂലം ഖജനാവിന് പ്രതിവര്‍ഷം 6614.04 കോടി രൂപ അധികചിലവ് പ്രതീക്ഷിക്കുന്നു. ഏകദേശം 48.66 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 66.55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യുന്നതാണ് ഡിഎ ഉയര്‍ത്തിയ തീരുമാനം. ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല പ്രകാരമാണ് ഈ വര്‍ദ്ധനവ്.
മഹാരാഷ്‌ട്രയിലെ ദഹാനുവില്‍ പുതിയ തുറമുഖ നിര്‍മ്മാണത്തിന് 76,220 കോടി രൂപയും ബാഗ്‌ദോഗ്ര, ബിത, വാരണാസി വിമാനത്താവളങ്ങള്‍ക്കായി 5,832 കോടി രൂപയും ദേശീയപാതകള്‍ക്കായി 1.33 ലക്ഷം കോടി രൂപയും ക്യാബിനറ്റ് അനുവദിച്ചിട്ടുണ്ട്. 17 പുതിയ പദ്ധതികളിലായി 1,333 കിലോമീറ്റര്‍ പുതിയ റെയില്‍പാളങ്ങളടക്കം നിര്‍മ്മിക്കുന്നതിന് 66,517 കോടി രൂപയും ബംഗളൂരു, താനെ, പൂനെ, ചെന്നൈ, ദല്‍ഹി മെട്രോ പദ്ധതികള്‍ക്കായി ഒരുലക്ഷം കോടി രൂപയും അനുവദിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് പിഎം ഇലക്ട്രിക് ഡ്രൈവിന് 10,900 കോടി രൂപയും കേദാര്‍നാഥ്, ഹേംകുണ്ഡ് സാഹിബ് റോപ്പ് വേ പദ്ധതിക്കായി 6,811 കോടി രൂപയും ക്യാബിനറ്റില്‍ അംഗീകരിച്ചു.