മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് സഹായം നിഷേധിച്ച കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് 19ന് വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയിലും പുനരധിവാസം വൈകിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിലും പ്രതിഷേധിാണ് യു.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പുനരധിവാസം വൈകുന്ന സാഹചര്യത്തില്‍ ഇനിയും കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി. സിദ്ദീഖ് എം.എല്‍.എ പറഞ്ഞു.
ഇതിന് പിന്നാലെ ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ എല്‍.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
വയനാട് ദുരന്ത ബാധിതരോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്തിരെ യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനമുണ്ടായിട്ടും കേന്ദ്ര സംഘം പഠനം നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരു രൂപ പോലും സംസ്ഥാനത്തിന് നല്‍കില്ലെന്ന അറിയിപ്പ് ഞെട്ടലുളവാക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. ബി.ജെ.പി സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്ന അവഗണനയ്ക്കെതിരെ യു.ഡി.എഫ് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും കേന്ദ്ര അവഗണനയെ കുറിച്ച് നിയമസഭയിലും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സംസ്ഥാനം രാജ്യത്തിന്റെ ഭൂപടത്തില്‍ ഇല്ലെന്ന തരത്തിലുള്ള നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ പ്രകാരം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി അറിയിച്ചത്.