
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരില്‍ ലഭിക്കുന്ന നിയമനം വഴി യുവാക്കള്‍ തങ്ങളുടെ ഭാവി സുരക്ഷിതമാക്കുക മാത്രമല്ല, ഒപ്പം രാജ്യത്തോടുള്ള വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുക കൂടെയാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് പള്ളിപ്പുറം സിആര്‍പിഎഫിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റോസ്ഗര്‍ മേളയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തൊഴില്‍ മേളകള്‍ യുവാക്കള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയതായി നിയമിതരായ ഉദ്യോഗാര്‍ത്ഥികളോട് സമര്‍പ്പണബോധത്തോടെയും അച്ചടക്കത്തോടെയും ആത്മാര്‍ത്ഥതയോടെയും ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രി, അവര്‍ ചെയ്യുന്ന ജോലി ജനങ്ങളുടെ ജീവിതത്തെ നേരിട്ടു സ്വാധീനിക്കുകയും മികച്ച ഭരണനിര്‍വഹണത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നും സൂചിപ്പിച്ചു. രാജ്യത്തിന് സേവനമര്‍പ്പിച്ചുകൊണ്ട് വിജയകരവും അര്‍ത്ഥപൂര്‍ണവുമായ ഒരു ഔദ്യോഗിക ജീവിതം സുരേഷ് ഗോപി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശംസിച്ചു.
പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെന്ററില്‍ വച്ചു നടന്ന പരിപാടിയില്‍, ഐ എസ് ആര്‍ ഒ, സിആര്‍പിഎഫ്, എആര്‍, എസ്എസ്ബി, ഇപിഎഫ്ഒ എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ നിയമനം ലഭിച്ച 272 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന പത്രങ്ങള്‍ കൈമാറി. സിആര്‍പിഎഫ് ഡിജി ധര്‍മേന്ദ്ര സിംഗ്, ഡെപ്യൂട്ടി കമാന്റന്റ് കെ എസ് ജയകുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
രാജ്യത്ത് 45 ഇടങ്ങളിലായി ഇന്ന് സംഘടിപ്പിച്ച 18-ാമത് റോസ്ഗര്‍ മേളയിലൂടെ 61,656 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനപത്രങ്ങള്‍ കൈമാറി. പുതുതായി നിയമിതരായവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ റോസ്ഗര്‍ മേളയെ അഭിസംബോധന ചെയ്തു.