• Thu. Mar 13th, 2025

24×7 Live News

Apdin News

കേന്ദ്ര സര്‍വകലാശാലകളില്‍ യുജി പൊതുപ്രവേശന പരീക്ഷ മെയ് 8 മുതല്‍

Byadmin

Mar 13, 2025


പ്ലസ്ടുകാര്‍ക്ക് 2025-26 അദ്ധ്യയനവര്‍ഷത്തെ അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് (സിയുഇടി (യുജി)2025) മാര്‍ച്ച് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മെയ് 8നും ജൂണ്‍ ഒന്നിനും മധ്യേ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. കേന്ദ്ര സര്‍വകലാശാലകള്‍ ഉള്‍പ്പെടെ രാജ്യത്തെ മികച്ച സ്ഥാപനങ്ങളില്‍ സിയുഇടിയുജി അടിസ്ഥാനത്തിലാണ് ബിരുദ പ്രവേശനം. പരീക്ഷാ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://cuet.nta.nic.in ല്‍ ലഭ്യമാണ്.

ഇനി പറയുന്ന യോഗ്യതയുള്ളവര്‍ക്ക് സിയുഇടി യുജി-2025 ല്‍ പങ്കെടുക്കാം.

യോഗ്യത: ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. ഏത് സ്ട്രീമുകാര്‍ക്കും അപേക്ഷിക്കാം. 2025 ല്‍ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ത്രിവത്സര അംഗീകൃത ഡിപ്ലോമ, ഇന്റര്‍മീഡിയറ്റ്/ദ്വിവത്സര പ്രീയൂണിവേഴ്‌സിറ്റി പരീക്ഷ പാസായ സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടുവിന് തത്തുല്യമായി അംഗീകരിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കെല്ലാം പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്. പരീക്ഷയില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല.

പരീക്ഷ: കമ്പ്യൂട്ടര്‍ അധിഷ്ഠിത സിയുഇടി യുജി പരീക്ഷയില്‍ 13 ഭാഷ വിഷയങ്ങളും 23 ഡൊമെയിന്‍ പ്രത്യേക വിഷയങ്ങളും ഒരു ജനറല്‍ ആപ്ടിറ്റിയൂഡ് ടെസ്റ്റും ഉള്‍പ്പെടെ 37 വിഷയങ്ങളുണ്ടാവും. ഈ വിഷയങ്ങളെല്ലാം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. ലാംഗുവേജ്, ജനറല്‍ ആപ്ടിറ്റിയൂഡ് അടക്കം പരമാവധി 5 വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പരീക്ഷ അഭിമുഖീകരിക്കാം. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ ഓരോ ടെസ്റ്റ് പേപ്പറിലും 50 ചോദ്യങ്ങള്‍ വീതമുണ്ടാവും. എല്ലാത്തിനും നിര്‍ബന്ധമായും ഉത്തരം നല്‍കേണ്ടതുണ്ട്. ശരി ഉത്തരത്തിന് 5 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് കുറയ്‌ക്കും. 60 മിനിട്ടാണ് ഓരോ ടെസ്റ്റ് പേപ്പറിനും അനുവദിക്കുന്ന സമയം.

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെ 13 ഇന്ത്യന്‍ ഭാഷകളില്‍ ചോദ്യപ്പേപ്പറുകളുണ്ടാകും. ഏത് ഭാഷയിലെ ചോദ്യ പേപ്പറാണ് ആവശ്യമെന്ന് ഓണ്‍ലൈന്‍ അപേക്ഷയില്‍ വ്യക്തമാ
ക്കണം.

പരീക്ഷാ സ്ലോട്ടും ഷിഫ്റ്റും സമയക്രമവും പിന്നീട് അറിയിക്കും. പരീക്ഷാ ഘടനയും സിലബസും വെബ്‌സൈറ്റില്‍/ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ ലഭിക്കും.

പരീക്ഷാ കേന്ദ്രങ്ങള്‍: ഇന്ത്യയിലും വിദേശത്തുമായി 300 നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടാവും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂര്‍, മൂവാറ്റപുഴ, എറണാകുളം, വയനാട്, ഇടുക്കി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് നഗരങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കും.

വിദേശത്ത് മസ്‌ക്കറ്റ്, ദുബായ്, ഷാര്‍ജ, അബുദാബി, ബെഹറിന്‍, കുവൈറ്റ്, റിയാദ്, വാഷിങ്ടണ്‍, സിംഗപ്പൂര്‍ മുതലായ നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. മുന്‍ഗണനാക്രമത്തില്‍ നാല് നഗരങ്ങള്‍ പരീക്ഷയ്‌ക്കായി തെരഞ്ഞടുക്കാം.
ഫീസ്: സിയുഇടിയുജി-2025 പരീക്ഷയ്‌ക്ക് ലാംഗുവേജ്, ജനറല്‍ ആപ്ടിട്യൂഡ് ഉള്‍പ്പെടെ പരമാവധി 5 വിഷയങ്ങള്‍ ഒരാള്‍ക്ക് പരീക്ഷയ്‌ക്കായി തെരഞ്ഞെടുക്കാവുന്നതാണ്. 3 വിഷയങ്ങള്‍ക്ക് വരെയുള്ള ഫീസും അധിക ഓരോ വിഷയത്തിനും നല്‍കേണ്ട ഫീസും ചുവടെ-

ജനറല്‍ വിഭാഗത്തിലുള്ളവര്‍-1000 + 400 രൂപ. ഒബിസി നോണ്‍ക്രീമിലെയര്‍/ഇഡബ്ല്യുഎസ്-900 രൂപ+ 375 രൂപ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/തേര്‍ഡ് ജന്‍ഡര്‍- 800 രൂപ + 350 രൂപ.

ഇന്ത്യക്ക് പുറത്തുള്ള സെന്ററുകളിലേക്ക്- 4500 രൂപ+1800രൂപ. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്/യുപിഐ/നെറ്റ് ബാങ്കിങ് മുഖാന്തിരം മാര്‍ച്ച് 23 രാത്രി 11.50 മണിവരെ ഫീസ് അടയ്‌ക്കാം. ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിവിധ ഘട്ടങ്ങളിലായി അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയാക്കി കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട് എടുത്ത് റഫറന്‍സിനായി സൂക്ഷിക്കേണ്ടതാണ്.

ഉപരിപഠനമാഗ്രഹിക്കുന്ന സര്‍വകലാശാലകള്‍ക്കും കോഴ്‌സുകള്‍ക്കും അനുയോജ്യമായ വിഷയങ്ങള്‍ സിയുഇടി പരീക്ഷക്ക് തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

പ്രവേശന നടപടികള്‍: ബനാറസ് ഹിന്ദു, ജവഹര്‍ലാല്‍ നെഹ്‌റു, പോണ്ടിച്ചേരി, ഡല്‍ഹി, ഹൈദരാബാദ്, അലിഗാര്‍ മുസ്ലിം, ജാമിയ മില്ല്യ ഇസ്ലാമിയ ഉള്‍പ്പെടെ 46 കേന്ദ്ര സര്‍വകലാശാലകളിലും മറ്റ് നിരവധി സര്‍വകലാശാലകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, കല്‍പിത സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലും സിയുഇടി യുജി 2025 സ്‌കോര്‍ അടിസ്ഥാനത്തില്‍ ഡിഗ്രി കോഴ്‌സുകളില്‍ പ്രവേശനം തേടാം. കാസര്‍കോട് പെരിയയിലും കേന്ദ്ര സര്‍വകലാശാലയുണ്ട്. ഇവിടെ നാല് വര്‍ഷ ബിഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് കോഴ്‌സിലാണ് പഠനാവസരം.

‘സിയുഇടി യുജി 2025’ സ്‌കോറിന് 2025-26 വര്‍ഷത്തെ പ്രവേശനത്തിന് മാത്രമാണ് പ്രാബല്യം. ഫലപ്രഖ്യാപനത്തിന് ശേഷം സര്‍വകലാശാലാ/ സ്ഥാപനങ്ങള്‍ യഥാസമയം കൗണ്‍സലിങ്/അഡ്മിഷന്‍ ഷെഡ്യൂളുകള്‍ പ്രഖ്യാപിക്കും.

കോഴ്‌സുകളും യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന നടപടികളും വാഴ്‌സിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷ നല്‍കി അഡ്മിഷന്‍ നേടാം.



By admin