തിരുവനന്തപുരം: തൊഴിലാളി വർഗ്ഗത്തിൻ്റെ പ്രതിനിധികൾ എന്നവകാശപ്പെട്ട് ഭരണത്തിലേറിയവർ അധികാരം കിട്ടിയപ്പോൾ വരേണ്യ വർഗമായി മാറിയെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. തിരുവനന്തപുരം സെക്രട്ടട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശാ വർക്കർമാർക്ക് 100 രൂപ പോലും വർധിപ്പിക്കാൻ തയ്യാറാകാത്തവരാണ് നാലാം വാർഷികത്തിന് നൂറു കോടി ചെലവഴിക്കുന്നത്. സമരക്കാർക്ക് നേരെ പരിഹാസം ചൊരിയുന്ന ഭരണകക്ഷിക്കാർ തിരുവാതിര കളിച്ച് കാരണഭൂതരെ പ്രശംസിക്കുന്നവർ മാത്രം ജീവിച്ചാൽ മതിയോ എന്ന് വ്യക്തമാക്കണം- ഫിറോസ് പരിഹസിച്ചു. യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഹാരിസ് കരമന, ജനറൽ സെക്രട്ടറി ഫൈസ് പൂവച്ചൽ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, സമരസമിതി ഭാരവാഹികൾ പ്രസംഗിച്ചു.