കോട്ടയം : കേരളം രാജ്യാന്തര ഭീകര പ്രസ്ഥാനങ്ങളുടെ വളക്കൂറുള്ള മണ്ണാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് ബിജെപി നേതാവ് എൻ. ഹരി. പഹൽഗാം ഭീകരാക്രമണ കേസിലെ ജെയ്ഷെ ഭീകരൻ കേരളത്തിലാണ് പഠിച്ചതെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണെങ്കിലും സംസ്ഥാനത്തെ ഭീകരവാദത്തിന്റെ വേരുകൾ അറിയാവുന്നവർക്ക് അതിൽ അത്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂർ ബോംബ് സ്ഫോടനം മുതൽ രാജ്യത്ത് നടന്ന എല്ലാ ഭീകരാക്രമങ്ങളിലും തന്നെ കേരളവുമായി ബന്ധമുള്ള ഭീകരരുടെ പങ്കുണ്ട്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, വാഗമൺ പ്രദേശങ്ങളിലാണ് നിരോധിത സംഘടനയായ സിമിയുടെ ക്യാമ്പ് നടന്നത്. സമാനമായ വിവിധ കേസുകളിൽ പങ്കാളിയായ രണ്ടു പേർ ഈരാറ്റുപേട്ടക്കാരാണെന്നുള്ളത് മറന്നു പോകരുത്.
ഉന്നംതെറ്റാതെ നിറയൊഴിക്കാനും പെട്രോൾബോംബു നിർമിക്കാനും വനത്തിൽ കൂടിയുള്ള ബൈക്ക് റേസിങ്ങിനും പ്രത്യേക പരിശീലനം നൽകാനുമാണു വാഗമണിലെ തങ്ങൾപാറയിൽ 2007 ഡിസംബർ പത്തു മുതൽ 12 വരെ സിമിയുടെ നേതൃത്വത്തിൽ ആയുധ പരിശീലനം സംഘടിപ്പിച്ചത്.
മലയാളികളായ ഭീകരവാദികളെ പരിശീലിപ്പിച്ച് കേരളത്തിനും പുറത്തേയ്‌ക്ക് അയക്കുന്നത് പോലെ പാക്ക് ഭീകരർക്ക് ഇവിടെ സുരക്ഷിത താവളമായി മാറുന്നു എന്നുള്ളതാണ് പുതിയ അന്വേഷണം തെളിയിക്കുന്നത്.
കേരളത്തിലെ കോൺഗ്രസ് സിപിഎം മുന്നണികൾ ഭീകരവാദ പ്രസ്ഥാനങ്ങളോട് കാണിക്കുന്ന മൃദു സമീപനമാണ് ഇവർക്ക് വഴിയൊരുക്കുന്നത്. കാശ്മീരിൽ വീണ്ടും തീവ്രവാദികൾ ചോര വീഴ്‌ത്തിയിട്ടും കേരളത്തിലെ സ്വരാജ് പോലെയുള്ള ഇടതു നേതാക്കൾ ദേശവിരുദ്ധ പ്രസ്താവനകൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കാഷ്മീരിൽ ഭീകരാക്രമണം നടന്നപ്പോൾ പ്രതിപക്ഷ നേതാവ് ആദ്യം നടത്തിയ പ്രതികരണം നമ്മളെ ഞെട്ടിച്ചുകളഞ്ഞു.തീവ്രവാദികളെ വെള്ളപൂശാൻ ഉള്ള പരിശ്രമങ്ങളാണ് നിർഭാഗ്യവശാൽ ഇക്കൂട്ടർ നടത്തുന്നത്.
ദക്ഷിണേന്ത്യയിലെ ഭീകരവാദത്തിന്റെ ആദ്യ ക്യാമ്പ് നടന്ന വാഗമൺ ഈരാറ്റുപേട്ട പ്രദേശങ്ങൾ പോലീസ് നിരീക്ഷണത്തിൽ ആകണമെന്ന നിർദ്ദേശം പോലും ഭരണതലത്തിൽ അട്ടിമറിക്കപ്പെട്ടു. ഈരാറ്റുപേട്ടയിൽ പോലീസ് ഭൂമി വിട്ടുകൊടുക്കരുതെന്നും പോലീസ് സാന്നിധ്യം വർദ്ധിപ്പിക്കുന്ന നടപടികൾക്ക് രൂപം നൽകണമെന്നും റിപ്പോർട്ട് നൽകിയ ജില്ലാ പോലീസ് മേധാവിയെ നാടുകടത്തി. സംസ്ഥാന ഭരണ ക്കാർ എത്ര നിസ്സാരമായാണ് ഭീകരവാദത്തെ സമീപിക്കുന്നതെന്ന് ഇതിൽ കൂടുതൽ തെളിവ് വേണോയെന്നും എൻ ഹരി പറഞ്ഞു.