
പത്തനംതിട്ട: സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് (എന്‍ഡിപിഎസ്) കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവ വേഗം തീര്‍പ്പാക്കാന്‍ അഞ്ച് ജില്ലകളില്‍ എക്‌സ്‌ക്ലൂസീവ് എന്‍ഡിപിഎസ് കോടതികള്‍ സ്ഥാപിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കൊല്ലം, എറണാകുളം എന്നീ ജില്ലകളിലാണ് പുതിയ കോടതികള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നല്‍കിയത്. എട്ട് ആഴ്ചക്കുള്ളില്‍ പുതിയ കോടതികള്‍ സ്ഥാപിക്കാനുള്ള നടപടി പൂര്‍ത്തിയാക്കണമെന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാക്കണമെന്നും ഇല്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു.
നിലവില്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണം കുറയ്‌ക്കുകയും വിചാരണ വേഗത്തിലാക്കുകയുമാണ് ലക്ഷ്യം. കേസുകള്‍ നീണ്ടുപോകുന്നത് പ്രതികള്‍ക്ക് അനുകൂലമാകാന്‍ സാധ്യത ഉണ്ടെന്ന് ഹൈക്കോടതി വിലയിരുത്തുന്നു. ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ മാത്രമായി എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ വേണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ വടകരയിലും ഇടുക്കി ജില്ലയിലെ തൊടുപുഴയിലും മാത്രമാണ് നിലവില്‍ എന്‍ഡിപിഎസ് കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികള്‍ ഉള്ളത്.
കൂടാതെ ഫോറന്‍സിക് ലബോറട്ടറികളില്‍ 31 സയന്റിഫിക് അസിസ്റ്റന്റുമാരെ നിയമിക്കണമെന്ന് പോലീസ് മേധാവിയുടെ ശിപാര്‍ശയിലും നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലഹരി മരുന്ന് വിരുദ്ധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം ഒന്നാമതാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2025ല്‍ മാത്രം 27,701 കേസുകള്‍ സംസ്ഥാനത്ത് രജിസറ്റര്‍ ചെയ്‌തെങ്കിലും ശിക്ഷിച്ചത് നാമമാത്രമായ കേസുകള്‍ മാത്രമാണ്. നൂറ് കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് പിടിച്ചെടുത്തത്.