• Sun. Apr 20th, 2025

24×7 Live News

Apdin News

കേരളത്തിന്റെ പ്രൗഢി തിരികെ കൊണ്ടുവരാന്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണം: ഡോ.കെ.ശിവപ്രസാദ്

Byadmin

Apr 20, 2025


തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ പ്രൗഢിയും പാരമ്പര്യവും തിരികെ കൊണ്ടുവരണമെന്നും അതിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്നും സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.കെ.ശിവപ്രസാദ്.

നിലത്തെഴുത്ത് പാഠശാലകള്‍ മുതല്‍ നഗ്‌ന നേത്രങ്ങള്‍കൊണ്ട് ജ്യോതിശാസ്ത്രത്തിന്റെ ഉള്ളറകളിലേക്ക് ഗവേഷണം വരെ നടത്തിയ നാടാണ് കേരളം. സര്‍ സി.പി.രാമസ്വാമി അയ്യര്‍ കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് ക്ഷണിച്ചത് നോബല്‍ സമ്മാനജേതാവ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെയാണ്. അതിനുള്ള ശക്തിയും ആത്മവിശ്വാസവും അന്നത്തെ കേരളത്തിന് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഉന്നത വിദ്യാഭ്യാസം തേടി വിദ്യാര്‍ത്ഥികള്‍ ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുകയാണെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ‘വികസിത ഭാരതത്തിനായി മാനസികോന്നതിയും വിദ്യാഭ്യാസ ശ്രേഷ്ഠതയും’ എന്നവിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന് തന്നെ മാതൃകയായ വിദ്യാഭ്യാസ ചരിത്രമാണ് കേരളത്തിനുള്ളത്. കേരള ചരിത്രം നോക്കിയാല്‍ തക്ഷശിലയോട് കിടപിടിക്കുന്ന കാന്തള്ളൂര്‍ സര്‍വകലാശാലയും, പിന്നീട് കൊടുങ്ങല്ലൂര്‍ കളരിയും ഉള്‍പ്പെടെ ഇവിടെ ഉണ്ടായിരുന്നു. ജനിച്ച് വീഴുന്ന കുട്ടിക്ക് മുതല്‍ മരണം വരെയുള്ള ജീവിതകാലം മുഴുവന്‍ വിദ്യാഭ്യാസത്തിന്റെ േേലാകം തുറന്നു കിടന്നു. ആര്‍ക്കും എന്തും പഠിക്കാനുള്ള വലിയ സര്‍വകലാശാലയായിരുന്നു കേരളം. ആ പഴയ പ്രൗഢി വീണ്ടെടുക്കേണ്ടത് ഓരോ പൗരന്റെയും ധാര്‍മിക കടമയാണ്.

ഉന്നത വിദ്യാഭ്യാസത്തില്‍ ഗവേഷകരുടെ ഗുണമേന്മ അവരുടെ പ്രാഥമിക വിദ്യാഭ്യാസ ഗുണമേന്മ അനുസരിച്ചായിരിക്കും. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ പുനരുദ്ധാരണം വേണ്ടത് സ്‌കൂളുകളിലാണ്. ചാന്ദ്രയാന്റെ ശില്‍പികള്‍ കേരളത്തിലെ സാധാരണ ഗവണ്‍െമന്റ് സ്‌കൂളുകളില്‍ പഠിച്ചവരാണ്. അതാണ് കേരളത്തിന്റെ മഹത്വം. അന്ന് ഉണ്ടായിരുന്നത് സമൂഹത്തിന്റെ ചലനവും സ്പന്ദനം അറിഞ്ഞുള്ള അധ്യാപകരായിരുന്നു. ആ അനുഭവം പങ്കുവച്ചിരുന്ന അധ്യാപകരെ തിരികെ കൊണ്ടുവരാനാകണം. കുടിലിലാണെങ്കിലും സമൂഹത്തിന്റെ സ്പന്ദനം അറിയുന്ന അധ്യാപകരുണ്ടെങ്കില്‍ അവിടെ നല്ല രീതിയിലുള്ള വിദ്യാഭ്യാസമുണ്ടാകും. സംസാകാരം വളര്‍ത്തുവാനുള്ള ഏറ്റവും വലിയ മാര്‍ഗമാണ് സ്‌കൂള്‍ വിദ്യാഭ്യാസം. അതിലേക്കുള്ള വഴി തുറന്നിരിക്കുകയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. സാങ്കേതികമായി ബിരുദം നേടുന്നവര്‍ മാത്രമല്ല, സമൂഹത്തിലെ അനുഭവ സമ്പത്തുള്ളവരും പരിണത പ്രജ്ഞരായുള്ളവരും വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുചെന്ന് പഠിപ്പിക്കണമെന്നും ലോകത്തിന്റെ ചലനങ്ങള്‍ അവരിലൂടെ വിദ്യാര്‍ത്ഥികള്‍ മനസിലാക്കണമെന്നുമാണ് ദേശീയ വിദ്യാഭ്യാസനയം വിഭാവനം ചെയ്യുന്നുത്.

അത് പിന്തുടര്‍ന്നാല്‍ നമ്മുടെ സംസ്ഥാനത്തിന് ഉയര്‍ച്ചയെ ഉണ്ടാകൂ . ചെറിയ കാര്യങ്ങളില്‍ കടുംപിടിത്തം നടത്തിയാല്‍ സംസ്ഥാനത്തിന്റെ സ്ഥിതി എന്താകുമെന്നും അറിയില്ല. എന്തുകൊണ്ടാണ് മഹത്തായ വിദ്യാഭ്യാസ പാരമ്പര്യത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ മാറിപ്പോകുന്നത് എന്നതും കൂടി ചര്‍ച്ചചെയ്യണം. വിദ്യകൊണ്ട് സംഘടിതരാവുക എന്നാണ് ശ്രീനാരായണ ഗുരുപറഞ്ഞത്. അല്ലാതെ കൊടിപിടിക്കാനാല്ല. അത് നാം മറക്കരുതെന്നും വിദ്യാഭ്യാസത്തിലൂടെ സംഘടിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യവും പ്രൗഢിയും തിരികെ കൊണ്ടുവരണമെന്നും കെ.ശിവപ്രസാദ് പറഞ്ഞു.



By admin