• Thu. Dec 4th, 2025

24×7 Live News

Apdin News

കേരളത്തിന്റേത് അഭിമാനകരമായ സമുദ്ര പാരമ്പര്യം: രാഷ്‌ട്രപതി

Byadmin

Dec 4, 2025



തിരുവനന്തപുരം: കേരളത്തിന് അഭിമാനകരമായ ഒരു സമുദ്ര പാരമ്പര്യമുണ്ടെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. നാവികസേന ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം ശംഖുംമുഖത്ത് നടന്ന നാവികസേനാ അഭ്യാസപ്രകടനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

16-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ അധിനിവേശത്തിനെതിരെ ഇവിടുത്തെ പോരാളികള്‍ തീരദേശത്തെ സംരക്ഷിച്ചു. പുരാതന തുറമുഖമായ മുസിരിസ്, ഇന്ത്യ ലോകവുമായി ബന്ധപ്പെട്ടിരുന്ന പ്രധാന കവാടങ്ങളില്‍ ഒന്നായിരുന്നു. നമ്മുടെ സമുദ്ര പാരമ്പര്യം പുതിയതല്ല. ചോള, ചേര കപ്പല്‍പടകള്‍ മുതല്‍ കുഞ്ഞാലി മരക്കാര്‍മാര്‍ വരെ നീളുന്ന സംസ്‌കാരത്തിന്റെ ഭാഗമാണതെന്നും രാഷ്‌ട്രപതി പറഞ്ഞു.

പങ്കാളിത്ത ബോധവും, ശേഷി വര്‍ധിപ്പിക്കലും, സമുദ്രങ്ങളുടെ സമാധാനപരമായ ഉപയോഗവുമാണ് രാജ്യം പ്രോത്സാഹിപ്പിക്കുന്നത്. സുസ്ഥിര വികസനത്തിന്റെ ചാലകശക്തിയായി ‘ബ്ലൂ ഇക്കണോമി’യുടെ സാധ്യതകള്‍ ഭാരതം പ്രയോജനപ്പെടുത്തുന്നു. സമുദ്ര പാതകള്‍ സുരക്ഷിതമാക്കിയും സമുദ്ര വിഭവങ്ങള്‍ സംരക്ഷിച്ചും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞും സമുദ്ര ഗവേഷണത്തെ പിന്തുണച്ചും ഭാരത നാവികസേന ഈ ശ്രമങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സുരക്ഷിതവും സമൃദ്ധവും സുസ്ഥിരവുമായ സമുദ്രങ്ങള്‍ എന്ന നമ്മുടെ കാഴ്ചപ്പാടിന് നാവികസേന കരുത്തു പകരുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.

നേവല്‍ സ്റ്റാഫ് മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി രാഷ്‌ട്രപതിയെ സ്വീകരിച്ചു. രാഷ്‌ട്രപതിക്ക് 150 പേരടങ്ങുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവര്‍ പങ്കെടുത്തു.

By admin