• Sun. Feb 23rd, 2025

24×7 Live News

Apdin News

കേരളത്തിന് വികസന കുതിപ്പേകിയത് പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണം: ജോര്‍ജ് കുര്യന്‍

Byadmin

Feb 22, 2025


കൊച്ചി: കേരളത്തില്‍ സമീപകാലത്തായി നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കുതിപ്പേകിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണമാണെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കൊച്ചിയില്‍ രണ്ട് ദിവസമായി നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ സമാപന സമ്മേളത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

2047ല്‍ വികസിത ഭാരതം കെട്ടിപ്പടുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ് രാജ്യത്തെമ്പാടും ഇപ്പോള്‍ വലിയ തോതില്‍ നടപ്പിലാകുന്നത്. ഗെയില്‍ പൈപ്പ്‌ലൈന്‍, വിഴിഞ്ഞം പോര്‍ട്ട്, റെയില്‍വേ തുടങ്ങിയ മേഖലകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത് സംസ്ഥാനവും കേന്ദ്രവും ഒരുമിച്ച് നിന്നതുകൊണ്ടാണ്. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന സഹകരണ ഫെഡറിലസത്തോട് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടാണ് കൈക്കൊള്ളുന്നത്. ഇത് സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനും വ്യവസായിക പുരോഗതിക്കും സഹായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വികസനത്തിന് കേന്ദ്രം തുടര്‍ന്നും ഒപ്പമുണ്ടാകുമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.

പരിപാടിയില്‍ ഭാരതത്തിലേയും വിദേശത്തെയും 374 കമ്പനികളില്‍ നിന്നായി കേരളത്തിന് 1,52,905.67 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു. 66 കമ്പനികള്‍ 500 കോടി രൂപയ്‌ക്കു മുകളില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 24 ഐടി കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഇതിലൂടെ 8500 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുക. 60,000 തൊഴിലവസരവും ഉണ്ടാകും. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു. യുഎഇ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റോപിയ സമ്മേളനത്തിന് 2026 ജൂലൈയില്‍ കേരളം ആതിഥേയത്വം വഹിക്കും.

ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ദക്ഷിണ കൊറിയ കോണ്‍സല്‍ ജനറല്‍ ചാങ്-നിം കിം, കേരള സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ്, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഭാരത് ബയോടെക് ഇന്റര്‍നാഷണലിന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. കൃഷ്ണ എല്ല, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ്. ഹരികിഷോര്‍ എന്നിവരും പങ്കെടുത്തു. ദ്വിദിന ഉച്ചകോടിയില്‍ ആഗോള വ്യവസായ പ്രമുഖര്‍, ആസൂത്രകര്‍, നയരൂപകര്‍ത്താക്കള്‍, സംരംഭകര്‍, നിക്ഷേപകര്‍, സംരംഭകര്‍ തുടങ്ങിയവരുള്‍പ്പെടെ 3,000 പ്രതിനിധികള്‍ പങ്കെടുത്തു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് ലിമിറ്റഡ് (എപിഎസ്ഇഇസെഡ്) എം.ഡി കരണ്‍ അദാനി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിനായുള്ള 20,000 കോടി രൂപയുടെ അധിക നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും. 5,500 കോടി രൂപയുടെ നിക്ഷേപിക്കുന്നതിലൂടെ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ശേഷി 4.5 ദശലക്ഷം യാത്രക്കാരില്‍ നിന്ന് 12 ദശലക്ഷമായി വര്‍ദ്ധിപ്പിക്കും. കൊച്ചിയില്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് ഇ-കൊമേഴ്‌സ് ഹബ് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

5000 കോടിയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഐടി, റീട്ടെയില്‍, ഫിനാന്‍സ് മേഖലയില്‍ അടുത്ത 4 വര്‍ഷത്തിനുള്ളില്‍ മികച്ച നിക്ഷേപം നടത്തും. മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, കണ്‍വെന്‍ഷന്‍ സെന്ററുകളും ഉള്‍പ്പടെ കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള ലുലു കൂടുതല്‍ മേഖലകളിലേക്ക് നിക്ഷേപം നടത്തും. കളമശ്ശേരിയില്‍ ലുലുവിന്റെ ഭഷ്യ സംസ്‌കരണ യൂണിറ്റ് ഈ വര്‍ഷം ആരംഭിക്കും. പെരുന്തല്‍ മണ്ണ, കാസര്‍ഗോഡ്, തൃശൂര്‍, തിരൂര്‍, കണ്ണൂര്‍ ഉള്‍പ്പടെ ലുലുവിന്റെ ചെറുമാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളുമെത്തും. ധാരണാപത്രത്തില്‍ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ. അഷറഫ് അലി ഒപ്പുവച്ചു.

ലോജിസ്റ്റിക്‌സ്-ഷിപ്പിംഗ് കമ്പനിയായ ദുബായിലെ ഷറഫ് ഗ്രൂപ്പ് കേരളത്തില്‍ 5000 കോടി രൂപയുടെ നിക്ഷേപം നടത്തും. നൂറ് ടണ്ണില്‍ താഴെ കേവുഭാരമുള്ള യാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രം കൊച്ചിയില്‍ ആരംഭിക്കുന്നതിന് ടാറ്റാ എന്ററര്‍പ്രൈസസിനു കീഴിലുള്ള ആര്‍ട്‌സണ്‍ എന്‍ജിനീയറിംഗും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സും ധാരണാപത്രം ഒപ്പു വച്ചു.



By admin