• Thu. Jan 8th, 2026

24×7 Live News

Apdin News

കേരളത്തിലെ ദേശീയപാതാ മേല്‍പ്പാലങ്ങള്‍ ഇനി പില്ലറുകളില്‍ ഉയരും:രാജീവ്ചന്ദ്രശേഖര്‍ – ഗഡ്കരി കൂടിക്കാഴ്ചയില്‍ തീരുമാനം

Byadmin

Jan 7, 2026



ന്യൂദല്‍ഹി: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി കേരളത്തില്‍ ഇനി നിര്‍മ്മിക്കുന്ന മേല്‍പ്പാലങ്ങള്‍ പില്ലറുകളില്‍ പണിയും. നിലവിലെ RE വാള്‍ മാതൃകയ്‌ക്ക് പകരമാണ് പില്ലറുകളില്‍ മേല്‍പ്പാലം വരുന്നത്. കേരളത്തിലെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഗതാഗതമന്ത്രാലയം അംഗീകരിച്ചു.

കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തിരുവനന്തപുരം നഗരത്തിന് പുറത്തായി ഔട്ടര്‍ റിംഗ് റോഡ് പദ്ധതി ഫെബ്രുവരി – മാര്‍ച്ചില്‍ പ്രഖ്യാപിക്കാനും യോഗത്തില്‍ തീരുമാനമായി.

പില്ലറുകളിലെ മേല്‍പ്പാല പദ്ധതിയില്‍ ചിലവ് ഏറുമെങ്കിലും മണ്ണിട്ടുയര്‍ത്തി മേല്‍പ്പാലം നിര്‍മ്മിക്കുന്ന RE വാള്‍ രീതി കേരളത്തിലെ ദേശീയപാതാ നിര്‍മ്മാണത്തില്‍ ഉപേക്ഷിക്കാന്‍ ദേശീയ ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയും തീരുമാനിക്കുകയായിരുന്നു. ഓച്ചിറ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന് നിവേദനം നല്‍കി മേല്‍പ്പാല നിര്‍മ്മാണം പില്ലറുകളില്‍ ആക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

തിരുവനന്തപുരം നിവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഔട്ടര്‍ റിംഗ് റോഡ് മോദി സര്‍ക്കാര്‍ സമ്മാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അടുത്ത മാസത്തോടെ പ്രഖ്യാപനമുണ്ടാകും. റിംഗ്‌റോഡിനാവശ്യമായ സ്ഥലം ഏറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കും. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കിയാവും ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയെന്നും നിതിന്‍ ഗഡ്കരിയുമായി നടത്തിയ യോഗത്തിന് ശേഷം രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

 

 

By admin