
ന്യൂദല്‍ഹി: ബംഗാളികള്‍ എന്ന പേരില്‍ നുഴഞ്ഞുകയറി കേരളത്തില്‍ താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍.
കേരളത്തിലെത്തി അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാര്‍ ഭാവിയില്‍ വലിയ വെല്ലുവിളിയാകും. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരായ ഇവര്‍ക്ക് വേണ്ട സംരക്ഷണവും പിന്തുണയും നല്‍കുന്നതില്‍ ഇടത് വലത് മുന്നണികള്‍ കേരളത്തില്‍ മത്സരിക്കുകയാണ്. വോട്ടര്‍പട്ടികയില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ഇവരെ ചേര്‍ത്ത് തെരഞ്ഞെടുപ്പുകളെ പോലും അട്ടിമറിക്കുന്ന സാഹചര്യമുള്ളതിനാലാണ് ഇരുമുന്നണികളും എസ്‌ഐആറിനെ എതിര്‍ക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, ആലുവ മേഖലകളിലെ ബംഗ്ലാദേശി പൗരന്മാരുടെ സാന്നിദ്ധ്യത്തെകുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന് വ്യക്തമായ അറിവുണ്ടായിട്ടും നടപടി എടുക്കാത്തത് മനഃപൂര്‍വമാണ്. കേരളത്തെ മയക്കുമരുന്ന് കച്ചവടത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിലും ഇവര്‍ക്ക് പങ്കുണ്ട്. ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു വംശഹത്യക്ക് സമാനമായ സാഹചര്യങ്ങള്‍ ഭാവിയില്‍ കേരളത്തിലുമുണ്ടായാല്‍ അതിനുത്തരവാദി കേരള സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി എന്നീ തീവ്ര രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ പ്രീണിപ്പിക്കാന്‍ കേരളത്തിലെ ഇടതുവലതു മുന്നണികള്‍ മത്സരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഭാരതത്തിന്റെ അഖണ്ഡതയെ പോലും തകര്‍ക്കുന്നതാണെന്ന് ഇവര്‍ക്ക് അറിയാമെങ്കിലും എങ്ങനെയും അധികാരത്തില്‍ കയറുക എന്ന ലക്ഷ്യം മാത്രമാണ് ഇക്കൂട്ടര്‍ക്കുള്ളത്. പലസ്തീനു വേണ്ടി എപ്പോഴും കണ്ണീരൊഴുക്കുന്ന കേരളത്തിലെ സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു വംശഹത്യയെ പറ്റി മിണ്ടാതിരിക്കുന്നത് ന്യൂനപക്ഷ വോട്ടുബാങ്കിനെ പേടിച്ചാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.