
തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിന് മുംബൈയിൽ തുടക്കമായി. കേരളത്തിൽ നിന്നുള്ള പ്രമുഖ, അച്ചടി ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള 10 മാധ്യമപ്രവർത്തകർ അടങ്ങുന്നതാണ് സംഘം. പിഐബി കൊച്ചി ഡയറക്ടർ ധന്യ സനൽ നേതൃത്വം നൽകുന്ന മാധ്യമ പര്യടനം 2026 ഫെബ്രുവരി 20 ന് പൂർത്തിയാകും.
മുംബൈ വിമാനത്താവളത്തിൽ എത്തിയ സംഘത്തെ പരമ്പരാഗത ഖൺ തൊപ്പി അണിയിച്ച് പിഐബി മുംബൈ പ്രതിനിധികൾ സ്വീകരിച്ചു. തുടർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ചായ നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ച് സംഘം സന്ദർശിച്ചു. എൻഎസ്ഇ എംഡിയും സിഇഒയുമായ ആശിഷ്കുമാർ ചൗഹാനുമായി സംഘം കൂടിക്കാഴ്‌ച്ച നടത്തി. എൻഎസ്ഇ ചീഫ് ഇക്കണോമിസ്റ്റ് തീർത്ഥങ്കർ പട്നായിക്കുമായി മാധ്യമ പ്രവർത്തകർ സംവദിച്ചു.
രാജ്യത്തെ പ്രമുഖ തുറമുഖമായ ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റിയിൽ മാധ്യമ പ്രവർത്തക സംഘത്തിന് ഊഷ്മള വരവേൽപ് നൽകി. രാജ്യത്തിന്റെ ചർക്കു നീക്കത്തിൽ തുറമുഖത്തിന്റെ പങ്കിനെ കുറിച്ചും ചരക്ക് നീക്കം വേഗത്തിലാക്കാൻ സ്വീകരിച്ച അത്യാധുനിക സംവിധാനങ്ങളെ കുറിച്ചും പോർട്ട് അധികൃതർ വിശദീകരിച്ചു യുനസ്കോ പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട എലഫന്റാ ഗുഹകളും സംഘം സന്ദർശിച്ചു.
ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ, മുംബൈ മെട്രോപൊളിറ്റൻ മേഖല വികസന അതോറിറ്റിയും സംഘം ഇന്ന് സന്ദർശിക്കുന്നുണ്ട്. കേന്ദ്ര ആണവോർജ്ജ വകുപ്പിന്റെ കീഴിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (TIFR), നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ്, മുംബൈയിലെ ഗാന്ധിജിയുടെ വസതിയായ മണി ഭവൻ, ഭൂഗർഭ ബങ്കർ മ്യൂസിയം എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തും. പര്യടനം 20 ന് അവസാനിക്കും.