• Tue. Feb 17th, 2026

24×7 Live News

Apdin News

കേരളത്തിലെ യുവജനത നേരിടുന്ന വെല്ലുവിളികള്‍

Byadmin

Feb 17, 2026



വിദ്യാഭ്യാസം, ആരോഗ്യം, മാനവവികസന സൂചികകള്‍ എന്നിവയില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഈ നേട്ടങ്ങള്‍ക്കിടയിലും, കേരളത്തിലെ യുവജനത നേരിടുന്ന അസ്വസ്ഥതകളും അനിശ്ചിതത്വങ്ങളും വലിയൊരു വൈരുദ്ധ്യമായി അവശേഷിക്കുന്നു. ഉയര്‍ന്ന വിദ്യാഭ്യാസവും വലിയ ആഗ്രഹങ്ങളുമുള്ള യുവാക്കള്‍ക്ക് തത്തുല്യമായ അവസരങ്ങള്‍ നാട്ടില്‍ ലഭിക്കാത്തത് അവരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.

തൊഴിലില്ലായ്‌മ എന്ന ഭീഷണി

സംസ്ഥാനം നേരിടുന്ന പ്രതിസന്ധികളിലൊന്ന് തൊഴിലില്ലായ്‌മയാണ്. ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കേരളത്തിലെ യുവജനതയുടെ ഇടയിലുള്ളത് എന്നത് ഗൗരവകരമാണ്. പൊതുവായ തൊഴിലില്ലായ്‌മ നിരക്ക് 7-8 ശതമാനമായിരിക്കുമ്പോള്‍, അഭ്യസ്തവിദ്യരായ യുവാക്കളുടെ ഇടയില്‍ ഇത് ഏകദേശം 30 ശതമാനത്തോളമാണ്. ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ യുവാക്കളുടെ തൊഴിലില്ലായ്‌മ നിരക്ക് 3 ശതമാനത്തിനടുത്താണെന്നത് നാം ചിന്തിക്കേണ്ട വസ്തുതയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ആയിരക്കണക്കിന് യുവാക്കള്‍ക്ക് സ്ഥിരതയുള്ള തൊഴില്‍ ലഭിക്കാത്തത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി വിദേശരാജ്യങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള കുടിയേറ്റം വര്‍ധിക്കുകയാണ്. ഇത് കുടുംബബന്ധങ്ങളെയും നമ്മുടെ സമൂഹത്തിന്റെ സാമൂഹിക ഘടനയെയും ദോഷകരമായി ബാധിക്കുന്നു.

വിദ്യാഭ്യാസവും തൊഴില്‍ നൈപുണ്യവും

നമ്മുടെ വിദ്യാഭ്യാസരംഗത്ത് പ്രകടമായ പൊരുത്തക്കേട് നിലനില്‍ക്കുന്നു. പഠനപദ്ധതികള്‍ ഇന്നും സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമാണ്. തൊഴില്‍ വിപണിക്ക് ആവശ്യമായ പ്രായോഗിക പരിശീലനവും നൈപുണ്യവികസനവും ഇന്നും പൂര്‍ണ്ണമല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (അക), സാങ്കേതികവിദ്യ, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ ആധുനിക മേഖലകളില്‍ യുവാക്കള്‍ക്ക് വിദഗ്‌ദ്ധ പരിശീലനം നല്‍കാനുള്ള സംവിധാനങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ട്.

ലഹരിയും മാനസികാരോഗ്യവും

യുവതലമുറയെ തകര്‍ക്കുന്ന മറ്റൊരു പ്രധാന വെല്ലുവിളി ലഹരിമരുന്നുകളുടെ വ്യാപനമാണ്. യുവാക്കളുടെ ശാരീരിക-മാനസിക ആരോഗ്യത്തെയും കുടുംബഭദ്രതയെയും ഇത് സാരമായി ബാധിക്കുന്നു. ലഹരിക്കെതിരെ ശക്തമായ നിയമനടപടികള്‍ക്കൊപ്പം കൃത്യമായ ബോധവത്കരണവും അനിവാര്യമാണ്. ഇതിനോടൊപ്പം തന്നെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് മാനസികാരോഗ്യം. കടുത്ത മത്സരം, തൊഴിലില്ലായ്‌മ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം, സാമൂഹികമായ ഒറ്റപ്പെടല്‍ എന്നിവ യുവാക്കളില്‍ വിഷാദരോഗം പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും മികച്ച കൗണ്‍സിലിംഗ് സംവിധാനങ്ങള്‍ ഒരുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഡിജിറ്റല്‍ ലോകത്തിന്റെ സ്വാധീനം

സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗവും ഉപഭോക്തൃ സംസ്‌കാരവും യുവാക്കളുടെ മൂല്യബോധത്തിലും സാമൂഹിക ബന്ധങ്ങളിലും വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള വിവേകം പുതിയ തലമുറയ്‌ക്ക് പകര്‍ന്നു നല്‍കണം.

കേരളത്തിന്റെ ഭാവി യുവജനതയുടെ കൈകളിലാണ്. അവരുടെ ഊര്‍ജ്ജവും കഴിവും ശരിയായ ദിശയില്‍ തിരിച്ചുവിടാന്‍ സര്‍ക്കാരും സമൂഹവും ഒരുപോലെ പരിശ്രമിക്കണം. തൊഴില്‍സൃഷ്ടി, നൈപുണ്യവികസനം, സംരംഭകത്വ പ്രോത്സാഹനം, മാനസികാരോഗ്യ സംരക്ഷണം എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കിയാല്‍ മാത്രമേ കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാകൂ.

(സെന്‍ട്രല്‍ ജിഎസ്ടി & കസ്റ്റംസ് റിട്ട. സൂപ്രണ്ടാണ് ലേഖകന്‍ )

By admin