
തിരുവനന്തപുരം: കേരളത്തിലെ രണ്ട് പ്രധാന റെയിൽവേ പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയ വിവരം അറിയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി . ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ , പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ എന്നിവയ്‌ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത് .
ആലപ്പുഴ – അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിനായി ₹324.16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. എറണാകുളം – തുറവൂർ – കായംകുളം റൂട്ടിലെ ഏറ്റവും വലിയ തടസ്സമായിരുന്ന സിംഗിൾ ലൈൻ കുരുക്ക് ഇതോടെ അവസാനിക്കുമെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മാത്രമല്ല പ്രതിദിനം ഇരുവശങ്ങളിലേക്കുമായി 9 പുതിയ പാസഞ്ചർ ട്രെയിനുകൾക്ക് കൂടി വഴിതുറക്കും.ചരക്ക് നീക്കം സുഗമമാകുന്നതിലൂടെ റെയിൽവേയുടെ വരുമാനത്തിലും വലിയ വർദ്ധനവ് ഉണ്ടാകും.
പാലക്കാട് ടൗൺ – പറളി ബൈപാസ് ലൈൻ 1.80 കി.മീറ്ററിനായി ₹163.57 കോടിയാണ് അനുവദിച്ചിരിക്കുന്നത് . പാലക്കാട് ജംഗ്ഷനിലെ ട്രെയിൻ എൻജിൻ മാറ്റുന്നത് മൂലമുള്ള കാത്തിരിപ്പ് ഇതോടെ അവസാനിക്കും. ഒപ്പം പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം 40-44 മിനിറ്റും, ചരക്ക് തീവണ്ടികളുടേത് 120 മിനിറ്റും ലാഭിക്കാൻ സാധിക്കും.ഷോർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം മെച്ചപ്പെടും. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും, യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അവസരമൊരുക്കുന്നതിനും ഈ പദ്ധതികൾ വലിയ മാറ്റം കൊണ്ടുവരുമെന്നും സുരേഷ് ഗോപി പറയുന്നു