• Tue. Mar 4th, 2025

24×7 Live News

Apdin News

കേരളത്തില്‍ മൂന്നാംതവണയും എല്‍ഡിഎഫ് വിജയിക്കുമെന്ന് എംവി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് ഇ പി ജയരാജൻ

Byadmin

Mar 4, 2025


കൊല്ലം: മൂന്നാംതവണയും കേരളത്തില്‍ എല്‍.ഡി.എഫ്. കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടി ഒറ്റയ്‌ക്ക് 50 ശതമാനം വോട്ട് നേടുകയെന്നതാണ് ലക്ഷ്യം. ഇന്ത്യയില്‍ ആപത്കരമായിവരുന്ന ഫാസിസ്റ്റ് ഭരണകൂടത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇടത് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പിണറായി വിജയൻ തന്നെയായിരിക്കുമെന്ന സൂചന.

മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനാണ് മൂന്നാം തവണയും ഇടത് മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പിണറായി വിജയനാകുമെന്ന് സൂചിപ്പിക്കുന്നത്. ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ലെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. നയിക്കുക പിണറായി തന്നെയോ എന്ന ചോദ്യം പോലും പ്രസക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ വാർത്താ ചാനലിനോട് പ്രതികരിക്കവെയാണ് ഇ പി ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ ഭരണ രംഗത്തിന് നേതൃത്വം നൽകുന്നത് പിണറായി വിജയനാണ്. പിണറായിയുടെ സേവനങ്ങൾ പാർട്ടി കാണും, ഉചിതമായ നിലപാട് സ്വീകരിക്കും. ഭരണരംഗത്ത് വരുന്നതിന് പ്രായപരിധി ബാധകമല്ല. പിണറായിയുടെ കഴിവിനെയും പ്രാപ്തിയേയും നീതിബോധത്തെയും ജനസേവന മനോഭാവത്തെയും, സത്യസന്ധതയേയും കേരളത്തെ വളർത്താനുളള വലിയ നിരീക്ഷണത്തെയും എല്ലാവരും പ്രകീർത്തിക്കുന്നു. അതില്ലാതാക്കാനാണ് കുറേ കാലമായി ചിലർ അദ്ദേഹത്തെ വേട്ടയാടുന്നത്. ശരി മാത്രം ചെയ്യുന്നവർ ഭയപ്പെടേണ്ടതില്ലെന്നും ഇപി വിശദീകരിച്ചു.



By admin