
ന്യൂദൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി. അതേസമയം, ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചില്ല. കേരളത്തിന്റെ കേസ് ഡിസംബര്‍ രണ്ടിന് പരിഗണിക്കും. എസ്‌ഐആറിൽ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് നീരീക്ഷിച്ച കോടതി കേരളത്തിന്റെ ഹര്‍ജിയില്‍ ഇടപെടണോ എന്ന് അന്നു തീരുമാനിക്കാമെന്നും അറിയിച്ചു. കേരളത്തിലെ വിഷയത്തിൽ തിങ്കളാഴ്ചയ്‌ക്കുള്ളിൽ സത്യവാങ് മൂലം നൽകണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വോട്ടർപട്ടിക പരിഷ്കരണം നീട്ടിവയ്‌ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നല്കിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. എസ്‌ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും സസ്ഥാന സര്‍ക്കാറിനായി ചീഫ് സെക്രട്ടറി നല്‍കിയ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ സുപ്രീം കോടതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ എതിർത്തു. സംസ്ഥാന സര്‍ക്കാരിന് ഈ ആവശ്യം ഉന്നയിക്കാന്‍ നിയമപരമായി സാധിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും തരത്തില്‍ തടസ്സമുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷനാണ് കോടതിയെ സമീപിക്കേണ്ടതെന്നും ഇവര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ കമ്മിഷന്റെ മാത്രം അധികാരപരിധിയില്‍ വരുന്നതിനാല്‍, നിലവില്‍ എസ്‌ഐആര്‍ നടപടികളോ പ്രാദേശിക തെരഞ്ഞെടുപ്പ് ഒരുക്കങ്ങളോ പരസ്പരം തടസ്സപ്പെടുത്തുന്നില്ലെന്നും ജില്ലാ കളക്ടര്‍മാര്‍ പൂര്‍ണ്ണ സഹകരണം നല്‍കുന്നുണ്ടെന്നും കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. അതിനാല്‍, എസ്‌ഐആര്‍ നടപടികള്‍ ഒരു കാരണവശാലും നീട്ടിവെക്കരുതെന്ന് കമ്മീഷന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
കേരളത്തിൽ രാഷ്‌ട്രീയപാർട്ടികളാണ് പ്രശ്‌നം ഉണ്ടാക്കുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വാദിച്ചത്. നടപടികൾ വേഗത്തിൽ നടക്കുകയാണെന്നും ആവശ്യമെങ്കിൽ സത്യവാംഗ്‌മൂലം സമർപ്പിക്കാമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. എന്നാൽ കമ്മീഷൻ പറയുന്നതല്ല സാഹചര്യമെന്നായിരുന്നു കേരളത്തിന്റെ എതിർവാദം.