കൊച്ചി: കേരളത്തിൽ ലവ് ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവമാണെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദലജെ. ഹൈന്ദവർക്ക് ഇതിൽ ആശങ്കയുണ്ട്. പരിഹാരത്തിനു കേരളത്തിൽ എൻഡിഎ സർക്കാർ വരണമെന്നും ശോഭ കരന്ദലജെ പറഞ്ഞു. എറണാകുളം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പിആർ ശിവശങ്കറിന്റെ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കേരളത്തിലെ ഭൂമി ഇടപാടുകളിലും ബിസിനസ്സ് മേഖലയിലും ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുവെന്ന് അവർ പറഞ്ഞു. തീരദേശ മേഖലകളിലും നഗര കേന്ദ്രങ്ങളിലും നടക്കുന്ന ഭൂമി കൈമാറ്റങ്ങളില്‍ അസ്വാഭാവികതയുണ്ട്. നിയമപരമായി വിദേശ സഹായം നേടി പ്രവൃത്തിക്കുന്നവർക്ക് എഫ്സിആർഎ പേടിക്കേണ്ടതില്ല. മറിച്ചു ആണെങ്കിൽ അവരെ എഫ്സിആർഎ ഭേദഗതി ബാധിക്കും.
കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തെ പരിഹസിക്കാനും ശോഭ കരന്ദലജെ മറന്നില്ല. സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യ ബന്ധമുണ്ടെന്ന ആരോപണങ്ങളെ തള്ളിക്കളഞ്ഞ അവര്‍, യഥാര്‍ത്ഥ നാടകം നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് ആരോപിച്ചു. രാജ്യത്താകെ ‘ഇന്ത്യ’ സഖ്യത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഇവര്‍ കേരളത്തില്‍ മാത്രം ഇരുചേരിയില്‍ നിന്ന് മത്സരിക്കുന്നത് ജനങ്ങളെ പറ്റിക്കാനാണെന്നും ഇതൊരു രാഷ്‌ട്രീയ നാടകം മാത്രമാണെന്നും ശോഭ കുറ്റപ്പെടുത്തി.