
തൊടുപുഴ: സിഐടിയു നേതാവ് എളമരം കരീം പറഞ്ഞതുപോലെ കേരളത്തെ മുഴുവന്‍ സ്തംഭിപ്പിച്ചുവെങ്കിലും പണിമുടക്ക് ദിവസത്തിലും തന്റെ കെട്ടിടത്തിന് മുന്നിലെ റോഡ് ടാര്‍ ചെയ്ത് സിപിഎം ഏരിയ സെക്രട്ടറി. ഇടുക്കി ഉടുമ്പന്നൂരിലാണാണ് റോഡ് നിര്‍മാണ പ്രവൃത്തികള്‍ പണിമുടക്ക് ദിവസവും നടന്നത്.
കരിമണ്ണൂര്‍ സിപിഎം ഏരിയ സെക്രട്ടറി പി പി സുമേഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കുള്ള വഴിയിലാണ് തൊഴിലാളികള്‍ പണിമുടക്ക് അവഗണിച്ച് ടാറിങ് ജോലികളില്‍ ഏര്‍പ്പെട്ടത്. പണിമുടക്ക് സമരത്തിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതാവിന്റെ കെട്ടിടത്തിന് മുന്നില്‍ ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ തന്നെ ജോലികള്‍ നടക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വിവരം അറിഞ്ഞപ്പോള്‍ തന്നെ പണി നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വിശദീകരണം. ഞാന്‍ പണി ചെയ്യാന്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. ഇത് വാടക കെട്ടിടമാണ്, പൊളിഞ്ഞു കിടക്കുകയായിരുന്നു. പൊടി കാരണം അടുത്തുള്ള കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. അതിനാലാണ് എത്രയും വേഗം റോഡ് ടാര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും സുമേഷ് പറഞ്ഞു. പണിമുടക്ക് ദിവസം കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്താണ് വ്യാഴാഴ്ച തന്നെ ടാറിങ് നടത്താന്‍ തീരുമാനിച്ചതെന്നും സുമേഷ് പറഞ്ഞു. സംഭവം വിവാദമായതോടെ ജോലികള്‍ നിര്‍ത്തിവയ്‌ക്കാന്‍ താന്‍ തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുമേഷ്.
അതേസമയം പണിമുടക്ക് ബാധകമല്ലാതെ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും പ്രവര്‍ത്തിച്ചു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കരാര്‍ ഏറ്റെടുത്തിരിക്കുന്ന എംഎല്‍എ ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവര്‍ത്തനമാണ് പണിമുടക്ക് ദിനത്തിലും നടന്നത്.