• Wed. Dec 17th, 2025

24×7 Live News

Apdin News

‘കേരളാമോഡല്‍’ എന്ന ഉന്നതവിദ്യാഭ്യാസ യജ്ഞം!

Byadmin

Dec 17, 2025



ന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്‌ട്ര ഹബ്ബായി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ജനുവരിയില്‍ കുസാറ്റില്‍ നടന്ന കോണ്‍ക്ലേവില്‍ പ്രഖ്യാപിച്ചിരുന്നു. വര്‍ത്തമാനകാലത്തെ ഏറ്റവും ആദരിക്കപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനായ ഫിലിപ്പ് ജി. ആള്‍ട്ട്ബാക്കിന്റെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി മേല്‍പറഞ്ഞ പ്രസ്താവന നടത്തുന്നത്. ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ച് കോള്‍മയിര്‍ കൊള്ളിക്കുന്ന പല വാഗ്ദാനങ്ങളും അദ്ദേഹവും മറ്റ് മന്ത്രിസഭാംഗങ്ങളും ഇടയ്‌ക്കിടെ നടത്തുന്നുണ്ട്. എന്നാല്‍, അന്താരാഷ്‌ട്ര നിലവാരം പോയിട്ട് നാട്ടുകാര്‍ക്ക് മിനിമം വിശ്വാസമുള്ള ഒരു സ്ഥാപനമായി ഇവിടുത്തെ സര്‍വ്വകലാശാലകളെ നിലനി
ര്‍ത്താന്‍ പോലും കഴിയാത്ത അപമാനത്തിനാണ് ഈ ഇടതുപക്ഷ സര്‍ക്കാരിന്റെ കഴിഞ്ഞ ഒന്‍പതു വര്‍ഷം സാക്ഷ്യം വഹിച്ചത്.

അതിനര്‍ത്ഥം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗം പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലാണെന്നല്ല; പക്ഷെ, കാലാനുസൃതമായി അനിവാര്യമായ ആരോഗ്യകരവും പുരോഗമനപരവുമായ മാറ്റങ്ങളേക്കാള്‍ പുറംതൊലിയിലെ വ്രണപ്പാടുകള്‍ മായ്‌ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. എന്നുമാത്രമല്ല, വിമര്‍ശനങ്ങളുയര്‍ത്തുമ്പോഴും പാകപ്പിഴകള്‍ കാര്യകാരണസഹിതം ചൂണ്ടികാണിക്കുമ്പോഴും അതിനെയെല്ലാം അവജ്ഞയോടെ പുറംതള്ളുന്ന സമീപനമാണ് ഭരണപക്ഷം കൈക്കൊള്ളുന്നത്.

ഒരു സര്‍ക്കാരിന്റെ ഏതു തീരുമാനവും ചോദ്യം ചെയ്യപ്പെടും. ജനാധിപത്യത്തില്‍ വിയോജിപ്പുകളും വിസ്സമ്മതങ്ങളും സ്വാഭാവികമാണ്. എന്നാല്‍ എതിര്‍വാദങ്ങളെ പൂര്‍ണ്ണമായും അകാരണമായും തള്ളിക്കളയുകയാണ് ഭരണകൂടം ചെയ്യുന്നതെങ്കില്‍ അതൊട്ടും ഭൂഷണമല്ല. വിട്ടുവീഴ്ചകളിലൂടെ സാധ്യമായ ഒത്തുതീര്‍പ്പുകളിലെത്തുന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വത്തിന് ഒരലങ്കാരമാണ്. എന്തും ഏതും വിശദമായ വിശകലനങ്ങള്‍ക്ക് വിധേയമാകുന്ന ഇന്നത്തെ കാലത്ത് അനാവശ്യ എതിര്‍പ്പുകളോ എതിര്‍വാദങ്ങളോ മാത്രമാണ് ഉന്നയിക്കപ്പെടുന്നതെങ്കില്‍ അതൊക്കെ അതിവേഗം പൊതുസമക്ഷം തന്നെ നിരാകരിക്കപ്പെടും. മാത്രമല്ല അതുന്നയിക്കുന്നവര്‍ അങ്ങേയറ്റം പരിഹാസ്യരായും മാറും. അങ്ങനെ നോക്കുമ്പോള്‍, കഴിഞ്ഞ കുറച്ചു കാലമായി നടക്കുന്ന സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ആ മേഖലയെ ദുര്‍ബലപ്പെടുത്തിയെന്ന് മാത്രമല്ല, സംസ്ഥാനസര്‍ക്കാരിനെ അങ്ങേയറ്റം വികൃതമാക്കുകയും ചെയ്തിരിക്കുന്നു.

അക്കൂട്ടത്തില്‍ ഏറ്റവും പുതിയ സംഭവമാണ് ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല വിസിമാരെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റി സുപ്രീംകോടതി നേരിട്ട് രൂപീകരിച്ചത്. മേല്‍പറഞ്ഞ വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും അലംഭാവം കാണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്. പക്ഷെ, സംസ്ഥാന ഗവര്‍ണറാകട്ടെ (മുന്‍പുണ്ടായിരുന്ന ആരിഫ് മുഹമ്മദ്ഖാനും നിലവിലെ രാജേന്ദ്ര ആര്‍ലേക്കറും) നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് മാത്രമല്ല, അത് എല്ലാവര്‍ക്കും മനസ്സിലാകുന്നതും യോജിക്കാനാകുന്നതുമായ സമീപനം സ്വീകരിച്ച് ഏറ്റവും മിടുക്കരായ അക്കാദമീഷ്യന്മാരെ നിയമിക്കുവാനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ബാധ്യതയില്ലെങ്കില്‍ പോലും അതിനദ്ദേഹം വിശദീകരണം തരാന്‍ തയ്യാറാകുന്നു എന്നുള്ളത് മേല്പറഞ്ഞ വസ്തുതയെ സാധൂകരിക്കുന്നു. എന്നാല്‍ വോട്ടു ചെയ്യുന്ന ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥരായത് ജനപ്രതിനിധികള്‍ കൂടിയായ മുഖ്യമന്ത്രിയും മറ്റ് മന്ത്രിസഭാംഗങ്ങളുമാണ്. സര്‍വ്വകലാശാലകളെ സംബന്ധിച്ച് സംസ്ഥാനത്ത് വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തില്‍ പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുക്കേണ്ടതും അതുറപ്പു വരുത്തേണ്ടതും ജനങ്ങള്‍ നേരിട്ട് അധികാര സ്ഥാനങ്ങളിലെത്തിച്ചവരാണ്. പക്ഷെ, അങ്ങേയറ്റം ധാര്‍ഷ്ട്യത്തോടെയും അതിനേക്കാള്‍ മുന്‍വിധിയോടെയും സര്‍വ്വകലാശാലകളെ നിയന്ത്രിക്കാനും ചാന്‍സലര്‍ അധികാരമുള്ള ഗവര്‍ണറെ അതില്‍ നിന്നകറ്റി നിര്‍ത്താനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

യൗവന തീഷ്ണത തിളച്ചു മറിയുന്ന പ്രായത്തില്‍ തന്നെ യുവാക്കളെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കാന്‍ കലാലയങ്ങളെ മുഴുവനായി കൈപ്പിടിയിലൊതുക്കുന്നത് സൗകര്യപ്രദമാണ്. എന്നാല്‍ കലാലയങ്ങള്‍ രാഷ്‌ട്രീയഭൂമിക മാത്രമല്ല; ആയിരക്കണക്കിന് അദ്ധ്യാപക-അനദ്ധ്യാപക ജോലിക്കാരും, ടെക്സ്റ്റ് പുസ്തകവും ചോദ്യപേപ്പറുമുള്‍പ്പെടെ അച്ചടി കരാറുകളും, നിര്‍മാണപ്രവര്‍ത്തനങ്ങളുമൊക്കെ നടക്കുന്ന മേഖല കൂടിയാണ്. വര്‍ഷം തോറും എത്രയോ കോടി രൂപ അതിനകത്ത് ഒഴുകുന്നുണ്ടെന്ന് മാത്രമല്ല, അന്തസുള്ള സാമൂഹിക പദവി ഉറപ്പു വരുത്തുക കൂടിയാണ് ഈ മേഖല ചെയ്യുന്നത്. അതുകൊണ്ടുതന്നെ മറ്റെല്ലാ മേഖലകളിലേക്കും ബന്ധങ്ങളുറപ്പിക്കാവുന്ന സ്വീകാര്യത കലാലയ-സര്‍വ്വകലാശാല അംഗങ്ങള്‍ക്ക് കൈവരുന്നു. അങ്ങനെ സാമൂഹികവും സാമ്പത്തികവുമായ അഴിമതിയുടെ വലിയ സാദ്ധ്യതയുള്ള മേച്ചില്‍പ്പുറം കൂടിയായ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സര്‍വ്വതരത്തിലുമുള്ള ആധിപത്യവും മുഖ്യ ഇടതുപാര്‍ട്ടി ലക്ഷ്യമിടുന്നുണ്ടാകാം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് നമ്മള്‍ കേട്ട പല വാര്‍ത്തകളും അവിടുത്തെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അഴിമതിയും ചൂഷണവും ഗുണ്ടായിസവും ഒക്കെ ബോധ്യപ്പെടുത്തുന്നതായിരുന്നു. അതിലെല്ലാം പ്രതിസ്ഥാനത്ത് വന്നത് ലോക്ഭവനോ കേന്ദ്രസര്‍ക്കാരോ ഇവിടുത്തെ പ്രതിപക്ഷമോ ഭരണപക്ഷത്തുള്ള ചെറുപാര്‍ട്ടികളോ ഒന്നുമായിരുന്നില്ല; മറിച്ച് മുഖ്യ ഭരണപക്ഷപാര്‍ട്ടിയിലെ ആളുകളായിരുന്നു. ആ പാര്‍ട്ടിയിലുള്ളവര്‍ ഒറ്റക്കെട്ടായി അതിനെയെല്ലാം പ്രതിരോധിച്ചു. വെട്ടുക്കിളികളെപോലെ അങ്ങേയറ്റം ആക്രമണോല്‍സുകമായി തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കാനും ചെയ്തികളെ സംരക്ഷിക്കാനും അവര്‍ തുനിഞ്ഞു. പക്ഷെ, നിര്‍ണ്ണായക സ്ഥാനത്തുണ്ടായിരുന്ന ഗവര്‍ണര്‍ തന്റെ അധികാരമുപയോഗിച്ച് ഇതിനോടെല്ലാം പ്രതികരിക്കാന്‍ ശ്രമിച്ചതോടെ അപസ്മാരബാധയേറ്റ പോലെ വൈകാരികമായി ഭരണപക്ഷ പ്രതിനിധികള്‍ പെരുമാറാന്‍ തുടങ്ങി. ഇതിന്റെ തുടര്‍ച്ചയിലാണ് വിസി നിയമനത്തില്‍ സ്തംഭനാവസ്ഥ ഉണ്ടായത്.

വിസിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റിയെ നിയമിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ തീര്‍ത്തും സാങ്കേതികമായ ഒരു നിയമ വ്യവഹാരപ്രശ്‌നമായിത് മാറി. നിലവിലെ സാഹചര്യത്തില്‍ കോടതി വിധിയിലൂടെ മാത്രമേ ഇതിന് പരിഹാരമുണ്ടാവുകയുള്ളൂ. പക്ഷെ, ഇതിനകം തന്നെ സ്ഥിരം വിസിയില്ലാതെ മൂന്ന് വര്‍ഷത്തിലധികം മുന്നോട്ട് പോയ സര്‍വ്വകലാശാലകളും കേരളത്തിലുണ്ട്.

തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒരാളെയും സ്ഥിരം വിസിയാക്കില്ലെന്നും അതിന് ശ്രമിക്കുന്നത് ചാന്‍സലറുടെ ഓഫീസാണെങ്കില്‍ പോലും അതിനെയും തടയുമെന്നും അതിനായി തെരുവിലും കോടതിയിലും യുദ്ധം ചെയ്യുമെന്നും ആക്രോശിക്കുന്നത് ഇവിടുത്തെ മുഖ്യഇടതുപക്ഷ പാര്‍ട്ടിയാണ്. ഗവര്‍ണ്ണറുടെ ഭരണഘടനാപരമായ ഇടപ്പെടലുകള്‍ സര്‍വ്വകലാശാലകളുടെ കാവിവല്‍ക്കരണമാണെന്ന് മുക്രയിട്ടാണ് ഇടതുഭീകരത അവരിവിടുത്തെ കലാലയങ്ങളില്‍ നടപ്പാക്കുന്നത്. എന്തുതന്നെയായാലും സ്ഥിരം വിസിക്ക് പകരം ‘താല്‍ക്കാലിക’രും ‘അധിക’രുമാണ് ഇന്ന് സംസ്ഥാനത്തെ മിക്ക സര്‍വ്വകലാശാലകളും നയിക്കുന്നത്. ഫലത്തില്‍ എല്ലായിടത്തേയും പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞ നിലയിലായി.

ഒരു സര്‍വ്വകലാശാലയെ സംബന്ധിച്ചിടത്തോളം വിസിയുടെ പ്രസക്തി അറിയാത്തവരൊന്നുമല്ല മുഖ്യ ഇടതുപക്ഷത്തുള്ളവര്‍. അതൊരു ഭരണാധികാരിയുടേയോ മേല്‍നോട്ടക്കാരന്റേയോ ഓഫീസ് മാത്രമല്ലെന്നും ഒരു സര്‍വ്വകലാശാലയെ ചരിത്രസംഭവമാക്കുന്ന ദാര്‍ശനികസ്ഥാനമാണെന്നും തിരിച്ചറിയുന്ന ബുദ്ധിജീവികള്‍ ഇപ്പോഴും ആ പാര്‍ട്ടിയുടെ കൂടെയുണ്ടാകും. പ്രത്യേകിച്ചും ഒരു വൈജ്ഞാനിക സാമ്പത്തികശക്തിയാകണമെന്ന് നിര്‍ദ്ദേശിക്കപ്പെടുന്ന കേരളത്തില്‍ സര്‍വ്വകലാശാലകളെ ‘സര്‍വ്വകാലത്തേക്കുമുള്ള സര്‍വ്വവിജ്ഞാന കലകളും അഭ്യസിക്കാനുള്ള സാംസ്‌കാരിക സ്ഥാപനങ്ങളായി’ പരിവര്‍ത്തനപ്പെടുത്തുന്ന ചരിത്രദൗത്യമാണ് വിസിമാര്‍ക്കുള്ളത്. ഏതാനും മാസത്തെ താത്കാലിക ചുമതലയോ ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളുടെ അധിക ചുമതലയോ കൊണ്ട് ആത്മാര്‍ത്ഥമായും ഫലപ്രദമായും നിര്‍വ്വഹിക്കാവുന്ന ചുമതലകളല്ല ഇതൊന്നും തന്നെ. എന്നിട്ടും അതിനായിട്ടവര്‍ ശഠിക്കുന്നുണ്ടെങ്കില്‍ അത് കാവിവല്‍ക്കരണത്തെ സംബന്ധിച്ച ആകുലത കൊണ്ടാവില്ലെന്നും തുറക്കാന്‍ പാടില്ലാത്ത ‘രഹസ്യങ്ങളുടെ കല്ലറകള്‍’ സര്‍വ്വകലാശാലകളില്‍ ഉണ്ടെന്നുള്ളതു കൊണ്ടാണെന്നും ചിന്തിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും. അതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ നിന്ന് പുറത്തുവരുന്ന സാമ്പത്തിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതുകൊണ്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ വിസിയാകാന്‍ ക്ഷണിച്ച നാട്ടില്‍ അക്കാദമിക വൈഭവത്തിന് സമമായി പാര്‍ട്ടി ദാസ്യവും ഒരു യോഗ്യതയാകണമെന്ന് ഭരണകൂടം തന്നെ തീരുമാനിക്കുമ്പോള്‍, ഉന്നതവിദ്യാഭ്യാസത്തിന്റെ അന്താരാഷ്‌ട്ര ഹബ്ബായല്ല, മറിച്ച് അതിനെയൊരു മരുപ്പറമ്പായി പരിവര്‍ത്തനപ്പെടുത്തിയ മറ്റൊരു ഭൂമികയായിട്ടായിരിക്കും കേരളം വാഴ്‌ത്തപ്പെടുക.

 

 

By admin