കൊച്ചി: കേരളാ വഖഫ് ബോര്‍ഡ് തീരുമാനങ്ങള്‍ ഉള്‍പ്പെടെ മരവിപ്പിക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്.മുനമ്പം വിഷയം ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ മരവിപ്പിക്കേണ്ടി വരും.കേരള വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം താത്കാലികമായി മരവിപ്പിച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു ഷോണ്‍ ജോര്‍ജ്.നിയമവിരുദ്ധമായ സമിതിക്കെതിരെയായിരുന്നു താന്‍ ഹര്‍ജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി ഒരു സമിതിയുണ്ടാകുന്നു. അവര്‍ തോന്നിയപോലെ നിയമം നടപ്പിലാക്കി. അത് നോക്കിനില്‍ക്കാന്‍ കഴിയാത്തതിനാലാണ് ഹര്‍ജി നല്‍കിയത്. കേന്ദ്രനിയമം അനുസരിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. ബോര്‍ഡ് പുനഃസംഘടിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചത്. കേസില്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോര്‍ഡ് നടപടികള്‍ നിര്‍ത്തിവെക്കണം.കോടതി സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നല്‍കി.കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.