തിരുവനന്തപുരം: കേരള നിയമസഭയിലെ ബിജെപിയുടെ പാർലമെന്ററി പാർട്ടി ഓഫീസ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരള രാഷ്‌ട്രീയത്തിൽ ചരിത്രപരമായ ഒരു തുടക്കമാണിതെന്നും, എൽ.ഡി.എഫിനും യു.ഡി.എഫിനും ബദലായി ജനങ്ങളുടെ വിശ്വാസം നേടിയ പുതിയ രാഷ്‌ട്രീയ ശക്തിയായി ബിജെപി ഉയർന്നുവരുകയാണെന്നും .ചടങ്ങിൽ ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ബി.ബി. ഗോപകുമാർ എം.എൽ.എ പറഞ്ഞു.
ജനകീയ പക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും നിയമസഭയിൽ ശക്തമായി ഉയർത്തിക്കാട്ടുന്നതിനുള്ള പ്രവർത്തന കേന്ദ്രമായി ബിജെപിയുടെ പാർലമെന്ററി പാർട്ടി ഓഫീസ് മാറുമെന്നും ജനങ്ങളുടെ ശബ്ദം നിയമസഭയ്‌ക്കുള്ളിൽ ശക്തമായി പ്രതിഫലിപ്പിക്കുന്നതിന് ഈ ഓഫീസ് പ്രധാന വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങിൽ വി. മുരളീധരൻ എം.എൽ.എ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്, കുമ്മനം രാജശേഖരൻ, കരമന ജയൻ, കെ സോമൻ, അഡ്വ ജെ ആർ പദ്മകുമാർ, ഓഫീസ് ഏകോപന ചുമതല നിർവഹിക്കുന്ന അഖിൽ പാലോട്ടുമഠം എന്നിവരും പങ്കെടുത്തു.