തിരുവനന്തപുരം: അയ്യാ വൈകുണ്ഠസ്വാമിയുടെ പേരില്‍ കേരള സര്‍വകലാശാലയില്‍ പഠനഗവേഷണ സെന്റര്‍ ആരംഭിക്കാന്‍ മുന്‍കൈ എടുത്ത സെനറ്റ് അംഗം പി ശ്രീകുമാറിനെ വൈകുണ്ഠ സ്വാമി ധര്‍മ പ്രചാരണസഭ (വിഎസ്ഡിപി) സംസ്ഥാന നേതൃസമിതി ആദരിച്ചു. ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ പൊന്നാട അണിയിച്ചു.
സംഘടനയുടെ ദീര്‍ഘകാലമായിട്ടുളള ആവശ്യമായിരുന്നു സര്‍വകലാശാലയില്‍ വൈകുണ്ഠ സ്വാമിയുടെ പേരില്‍ ഒരു ചെയര്‍ എന്നത്. അതിനായി നിരവധി പരിശ്രമങ്ങള്‍ നടത്തി. അവസാനം നല്‍കിയ നിവേദനത്തിനു മറുപടിയായി സര്‍വകലാശാല നല്‍കിയ കത്തില്‍ രണ്ടരക്കോടി രൂപ അയച്ചാല്‍ ചെയര്‍സ്ഥാപിക്കുന്നത് പരിഗണിക്കാം എന്നായിരുന്നു മറുപടി. ഗവര്‍ണറുടെ പ്രതിനിധിയായി സെനറ്റിലെത്തിയവരുടെ സമ്മര്‍ദ്ദഫലമായി വൈകുണ്ഠസ്വാമി പഠനഗവേഷണ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നു. കേന്ദ്ര സര്‍വകലാശാലയിലും സമാനരീതിയില്‍ സെന്റര്‍ സ്ഥാപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ചന്ദ്രശേഖരന്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കള്ളിക്കാട് ശ്യാംലൈജു, മുന്‍ സംസ്ഥാന പ്രസിഡന്റ് കോട്ടുകാല്‍ക്കോണം സുനില്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അഡ്വാ. പൂഴിക്കുന്ന് സുദേവന്‍ തുടങ്ങി നേതാക്കള്‍ പങ്കെടുത്തു. പി. ശ്രീകുമാര്‍ മറുപടി പ്രസംഗം നടത്തി.