• Wed. Nov 12th, 2025

24×7 Live News

Apdin News

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പന്‍ഷന്‍: സര്‍ക്കാരിനും സര്‍വകലാശാലയ്‌ക്കും വി സിക്കും ഹൈക്കോടതി നോട്ടീസ്

Byadmin

Nov 12, 2025



കൊച്ചി: സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാറായിരുന്ന ഡോ. കെ.എസ്. അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനും സര്‍വകലാശാലയ്‌ക്കും വൈസ് ചാന്‍ലര്‍ക്കും ഹൈക്കോടതിയുടെ നോട്ടീസ്.തന്നെ തിരിച്ചെടുക്കാന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചിട്ടും വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വിഷയം ചാന്‍സലറായ ഗവര്‍ണര്‍ക്ക് വിട്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കുറ്റാരോപണ മെമ്മോ നല്‍കാത്തപക്ഷം ഇത്തരം തസ്തികയിലുള്ളവരുടെ സസ്പെന്‍ഷന്‍ മൂന്നു മാസത്തിലധികം നീളില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്ന് ഡോ. കെ.എസ്. അനില്‍കുമാര്‍ പറയുന്നു. കോടതി നിര്‍ദേശപ്രകാരം ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗമാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്.

എന്നാല്‍, സസ്പെന്‍ഷന്‍ കാലയളവില്‍ പല ഫയലുകളിലും ഒപ്പുവച്ച് ഹര്‍ജിക്കാരന്‍ ക്രമക്കേട് കാട്ടിയെന്നാണ് വിസി പറയുന്നത്.നാലു മാസമായി സസ്പെന്‍ഷനിലാണ് ഡോ. കെ.എസ്. അനില്‍കുമാര്‍.

സര്‍വകലാശാല സെനറ്റ് ഹാളില്‍ സ്വകാര്യ ട്രസ്റ്റിന്റെ പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചത് എസ് എഫ് ഐ എതിര്‍ത്തപ്പോള്‍ അതിനൊപ്പം നിന്ന് പരിപാടിയുടെ അനുമതി ഡോ. കെ.എസ്. അനില്‍കുമാര്‍ റദ്ദാക്കി. ഗവര്‍ണര്‍ പങ്കെടുക്കേണ്ട പരിപാടിക്കാണ് അനുമതി നല്കിയ ശേഷം പിന്നീട് റദ്ദാക്കിയത്.ഇതോടെ ചാന്‍സലറായ ഗവര്‍ണറോട് അനാദരവ് കാട്ടിയതിന് വി സി ഡോ. മോഹനന്‍ കുന്നുമ്മല്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിനെ സസ്പന്‍ഡ് ചെയ്തു.എന്നാല്‍ ഇതംഗീകരിക്കാതെ ഇടത് ഭൂരിപക്ഷ സിന്‍ഡിക്കേറ്റിന്റെ പിന്തുണയോടെ ഓഫീസിലെത്തി ഫയലുകളില്‍ ഒപ്പിട്ടിരുന്നു ഡോ. കെ.എസ്. അനില്‍കുമാര്‍.

 

By admin