അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര നരകതുല്യമായിരുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാർ പറഞ്ഞു. നാടുകടത്തപ്പെട്ട 104 പേരിൽ 19 പേർ സ്ത്രീകളും 13 പേർ പ്രായപൂർത്തിയാകാത്തവരുമായിരുന്നു ഉണ്ടായിരുന്നത്.
കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നും അമൃത്സറിൽ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്നും സൈനിക വിമാനത്തിൽ എത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് സൈനിക വിമാനത്തിൽ കയറുമ്പോൾ തുടർച്ചയായി 40 മണിക്കൂർ വാഷ്റൂം ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും അവർ പറഞ്ഞു.
യാത്ര “നരകത്തേക്കാൾ മോശമായിരുന്നു” എന്ന് 40 കാരനായ ഹർവീന്ദർ സിംഗ് വിശേഷിപ്പിച്ചു. ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക് ശേഷമാണ് ഞങ്ങളെ ശുചിമുറിയിലേക്ക് പോകാൻ അനുവദിച്ചത്. ജോലിക്കാർ ശൗചാലയത്തിൻ്റെ വാതിൽ തുറന്ന് ഞങ്ങളെ അകത്തേക്ക് തള്ളിവിടും,” ഹർവീന്ദർ സിംഗ് പറഞ്ഞു.
കൈകൾ കെട്ടിയിട്ട് ഭക്ഷണം കഴിക്കാൻ നിർബന്ധിതരായതിനാൽ 40 മണിക്കൂർ ആളുകൾക്ക് ശരിയായി ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ യാത്രയും ശാരീരികമായി മാത്രമല്ല മാനസികമായും തളർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. സി – 17 യു എസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് നാടുകടത്തിയത്.
“ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്ന് ഞങ്ങൾ കരുതി. പിന്നീട് ഞങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ കൈകളും കാലുകളും ചങ്ങലയിൽ ബന്ധിച്ചു. ഇവ അമൃത്സർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് നീക്കം ചെയ്തത്” പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള 36 കാരനായ ജസ്പാൽ സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.