ന്യൂദല്‍ഹി: കൈയടക്കി വച്ചിരിക്കുന്ന ജമ്മു കശ്മീരിന്റെ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പാകിസ്ഥാനോട് ഭാരതം ആവശ്യപ്പട്ടു. കശ്മീര്‍ എപ്പോഴും ഭാരതത്തിന്റെ അവിഭാജ്യ ഘടകമായി തുടരുമെന്നും യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി പി. ഹരീഷ് ആവര്‍ത്തിച്ചു. യുഎന്‍ സുരക്ഷാ സമിതിയില്‍ കശ്മീര്‍ പ്രശ്‌നം ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ തുടരെയുള്ള ശ്രമങ്ങള്‍ക്ക് മറുപടി നല്കുകയായിരുന്നു അദ്ദേഹം.
കശ്മീരിനെ കുറിച്ചുള്ള പാകിസ്ഥാന്റെ പരാമര്‍ശങ്ങള്‍ ഭാരതത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത് അവരുടെ നിയമവിരുദ്ധ അവകാശവാദങ്ങളെ സാധൂകരിക്കുകയോ അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയെ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന പ്രദേശം പാകിസ്ഥാന്‍ നിയമവിരുദ്ധമായാണ് കൈവശപ്പെടുത്തിയത്. അവിടെ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണം. 1948 ഏപ്രില്‍ 21ന് സുരക്ഷാ സമിതി അംഗീകരിച്ച പ്രമേയം അനുസരിച്ച് പട്ടാളത്തെയും നുഴഞ്ഞുകയറ്റക്കാരെയും കശ്മീരില്‍ നിന്ന് പിന്‍വലിക്കണമെന്നും ഹരീഷ് വ്യക്തമാക്കി.
ജമ്മു കശ്മീര്‍ അന്നും ഇന്നും എന്നും ഭാരതത്തിന്റെ അവിഭാജ്യഘടകമാണ്. അന്താരാഷ്‌ട്ര വേദികളില്‍ ഭിന്നിപ്പിക്കല്‍ അജണ്ടയുമായെത്തുന്നതില്‍ നിന്ന് പാകിസ്ഥാന്‍ വിട്ടു നില്‍ക്കണം. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം ആദ്യം യുഎന്നില്‍ നടന്ന അനൗപചാരിക സമ്മേളനത്തില്‍ പാക് മുന്‍ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജന്‍ജുവ ജമ്മു കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. കൂടാതെ സമാധാനപരിപാലനത്തിലെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ കശ്മീരിന് വേണ്ടി ഒരു ജനഹിത പരിശോധന നടത്തണമെന്നും സുരക്ഷാ സമിതിയോട് യുഎന്നിലെ പാക് മുന്‍ പ്രതിനിധി സയിദ് താരിഖ് ഫത്തേമിയും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് യുഎന്നില്‍ ഭാരതം നിലപാട് ആവര്‍ത്തിച്ചത്.