ചെന്നൈ: കൊക്കെയ്ന്‍ കേസില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമന്‍സ് അയച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചെന്നൈയിലെ ഇഡി ഓഫീസില്‍ ഹാജരാകാന്‍ ഇരുവരോടും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചെന്നൈയില്‍ അടുത്തിടെ നടന്ന കൊക്കെയ്ന്‍ പിടിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കൂടാതെ മയക്കുമരുന്ന് കടത്ത് ശൃംഖല സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ചത്.
1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരം ചെന്നൈ സിറ്റി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായിരുന്ന ശ്രീകാന്തിനും കൃഷ്ണകുമാറിനും ജൂലൈ 8-ന് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള കൊക്കെയ്ന്‍ മാത്രമേ കൈവശം സൂക്ഷിച്ചിരുന്നുള്ളൂ എന്നും കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമില്ല എന്നും കോടതി അന്ന് വ്യക്തമാക്കിയിരുന്നു.
ജൂണ്‍ 18-ന് ആന്റി നാര്‍ക്കോട്ടിക് യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍, ഘാന സ്വദേശിയായ ജോണ്‍ കൃഷ്ണകുമാറിന് മയക്കുമരുന്ന് നല്‍കിയെന്ന് കണ്ടെത്തി, എന്‍ഡിപിഎസ് ആക്ട് പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടന്മാരായ ശ്രീകാന്ത്, കൃഷ്ണകുമാര്‍, ജൗഹര്‍, പ്രശാന്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ പ്രശാന്ത് ഇപ്പോഴും ജയിലിലാണ്.