
മട്ടാഞ്ചേരി: കൊച്ചി തുറമുഖം, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസനത്തിന് കൂടുതല്‍ പദ്ധതികളൊരുക്കുന്നു. കപ്പല്‍ചാല്‍ ആഴം കൂട്ടല്‍, മറ്റു രാജ്യാന്തര ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനലിലേക്കുള്ള ചരക്ക് ആകര്‍ഷിക്കുക, അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍ തുടങ്ങി ബഹുമുഖ പദ്ധതികളാണ് തയ്യാറാക്കുന്നത്.
കണ്ടെയ്‌നര്‍ ചരക്ക് നീക്കത്തോടൊപ്പം, ക്രൂയിസ് ടൂറിസം വികസനവും ലക്ഷ്യമിടുന്നുണ്ട്. 2023- 2024 വര്‍ഷം ഏഴര ലക്ഷം കണ്ടെയ്‌നറുകളാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലില്‍ കൈകാര്യം ചെയ്തത്. എന്നാല്‍ 30 ലക്ഷത്തിലേറെ കണ്ടെയ്‌നറുകള്‍ സമീപത്തെ അന്യരാജ്യ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിലേക്ക് പോകുന്നുണ്ട്. അത് കൊച്ചിയടക്കമുള്ള ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. വിഴിഞ്ഞം തുറമുഖ വികസന വെല്ലുവിളികള്‍ തിരിച്ചറിഞ്ഞുള്ള മുന്നേറ്റവും ലക്ഷ്യമിടുന്നുണ്ട്. കൊച്ചി കപ്പല്‍ചാല്‍ ആഴം കൂട്ടുന്നതാണ് പ്രധാനം. തുറമുഖത്ത് നിന്ന് പുറംകടലിലേക്കുള്ള 12 കിലോമീറ്റര്‍ നീളമുള്ള കപ്പല്‍ചാല്‍ നിലവിലെ 14.5 മീറ്ററില്‍ നിന്ന് 16 മീറ്ററായി വര്‍ധിപ്പിക്കുകയാണ്, 900 കോടിയാണ് ചെലവ്.
2026 ജൂലൈ മാസത്തോടെ ആഴം കൂട്ടല്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കൂടുതല്‍ മദര്‍ഷിപ്പുകള്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍ഷിപ്പ്‌മെന്റ് ടെര്‍മിനലിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആഴം നിലനിര്‍ത്താന്‍ നിലവില്‍ 90 കോടി ചെലവഴിക്കുന്നുണ്ട്. 16 മീറ്റര്‍ ആഴം നിലനിര്‍ത്താനും പദ്ധതിയുണ്ട്. രാജ്യത്തെ വിവിധ മേഖലകളില്‍ നിന്ന് കുടുതല്‍ കണ്ടെയ്‌നറുകളെത്താന്‍ ഇളവുകള്‍, കണക്ടിവിറ്റി ഒരുക്കല്‍ എന്നിവയും ലക്ഷ്യമിടുന്നുണ്ട്.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ദുബായ് പോര്‍ട്ട് കൂടുതല്‍ കപ്പലുകള്‍ കടന്നെത്താനും, കയറ്റിറക്കുമതിക്കുള്ള സമയത്തിന്റെ ദൈര്‍ഘ്യം കുറയ്‌ക്കാനും കുടുതല്‍ ക്രെയിനുകള്‍ ഒരുക്കിക്കഴിഞ്ഞു. മൂന്ന് മെഗാവാട്ട് വൈദ്യുതി സംവിധാനം അഞ്ച് മെഗാവാട്ട് ആക്കി. റോഡ്, റെയില്‍ കണക്റ്റിവിറ്റി വിപുലീകരണം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളും നടക്കുകയാണ്.