കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ശോഭാ സുരേന്ദ്രനോട് കുഴല്‍പ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും തിരൂര്‍ സതീഷ് വ്യകതമാക്കി. ശോഭാ സുരേന്ദ്രനാണ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനതല നേതാക്കളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തലിന് ശേഷം സംസ്ഥാന-ജില്ലാതല നേതാക്കള്‍ തന്നെ വിളിച്ചെന്നും ഇപ്പോഴെങ്കിലും തുറന്നുപറഞ്ഞല്ലോ എന്നാണ് അവര്‍ പറഞ്ഞതെന്നും തിരൂര്‍ സതീഷ് പറഞ്ഞു.
അതേസമയം, കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂര്‍ സതീഷനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തിരൂര്‍ സതീഷിനു പിന്നില്‍ താനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്നും അവര്‍ ആരോപിച്ചിരുന്നു.
എന്നാല്‍, ശോഭാ സുരേന്ദ്രന്റെ വാദം തിരൂര്‍ സതീഷ് തള്ളി. ശോഭാ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയില്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം പാര്‍ട്ടി ഓഫിസില്‍ കൊണ്ടുവന്നത് 6. 5 കോടിയല്ല, ഒമ്പത് കോടി രൂപയാണെന്നും സുരേന്ദ്രന്‍ ഒരു കോടി രൂപ തട്ടിയെടുത്തെന്ന് ധര്‍മരാജന്‍ തന്നോട് പറഞ്ഞിരുന്നെന്നും തിരൂര്‍ സതീഷ് വ്യക്തമാക്കി. കെ. സുരേന്ദ്രന്‍ പറയുന്നത് കൈകള്‍ ശുദ്ധമാണെന്നാണെന്നും എന്നാല്‍ കെ. സുരേന്ദ്രനെ മരങ്ങള്‍ മുറിച്ചുവിറ്റതിന് വയനാട് എസ്റ്റേറ്റില്‍നിന്നും പുറത്താക്കിയതെന്നും സതീഷ് കുറ്റപ്പെടുത്തി. കൊടകരയില്‍ പണം മോഷ്ടിക്കപ്പെട്ടപ്പോള്‍ ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് കെ. സുരേന്ദ്രനെയാണെന്നും പാര്‍ട്ടിയുടെ അധ്യക്ഷനേയാണോ കള്ളപ്പണക്കാര്‍ ബന്ധപ്പെടേണ്ടതെന്നും തിരൂര്‍ സതീഷ് ആരാഞ്ഞു.