പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനം. സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം ലഭിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊടി സുനിയേപ്പോലുള്ളവര്‍ ജയില്‍ വിശ്രമ, വിനോദ കേന്ദ്രം പോലെ ഉപയോഗിക്കുന്നതായും രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെപ്പോലെയാണ് ബിജെപി നേതൃത്വം ക്രൈസ്തവ സഭകളുടെ അടുത്തേക്ക് വരുന്നതെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേ ബിനോയ് വിശ്വം പറഞ്ഞു.
പൊലീസുകാര്‍ അമിതാധികാരം ഉപയോഗിക്കുന്നതായും എഡിജിപി എം ആര്‍ അജിത് കുമാറിനെപ്പോലെയുള്ളവര്‍ മന്ത്രിമാരെപ്പോലും അംഗീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉണ്ട്. കാപ്പാ, പോക്‌സോ കേസ് പ്രതികള്‍ക്ക് രാഷ്ട്രീയ സ്വീകരണം ലഭിക്കുന്ന സാഹചര്യമുണ്ട്. സര്‍ക്കാര്‍ വകുപ്പുകളില്‍ കുടുംബശ്രീ അംഗങ്ങളെ തിരുകിക്കയറ്റുകയാണെന്നും ഇത് പിഎസ്‌സിയേയും എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിനേയും നോക്ക് കുത്തിയാക്കുകയാണെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.