കൊല്ലം: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രഭൂമി നഗരസഭയ്‌ക്ക് പാട്ടത്തിന് കൈമാറാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവായ മണികണ്ഠന്‍ ആല്‍ത്തറ കൈയേറി കൊട്ടാരക്കര സാംസ്‌കാരികനിലയം സ്ഥാപിക്കുന്നതിനായിരുന്നു നഗരസഭയുടെ നീക്കം. ഇതാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്.
അഡ്വ. വി. സജിത്കുമാര്‍ മുഖേന ഹിന്ദുഐക്യവേദി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ക്ഷേത്രക്കുളത്തോട് ചേര്‍ന്നുള്ള വസ്തു റവന്യൂ പുറമ്പോക്കാക്കി നഗരസഭയ്‌ക്ക് പാട്ടത്തിന് കൊടുക്കാനുള്ള റവന്യൂ സെക്രട്ടറിയുടെ ഉത്തരവാണ് സ്റ്റേ ചെയ്തത്. നഗരസഭ ചെയര്‍പേഴ്സണ്‍ റവന്യൂ മന്ത്രിക്ക് നല്‍കിയ അപേക്ഷയില്‍ സ്ഥലം എംഎല്‍എയും ധനമന്ത്രിയുമായ കെ.എന്‍. ബാലഗോപാലിന്റെ ഇടപെടലിലൂടെ തിടുക്കപ്പെട്ട് നഗരസഭയ്‌ക്ക് സാംസ്‌കാരിക നിലയം സ്ഥാപിക്കാന്‍ പാട്ടത്തിന് നല്‍കുകയായിരുന്നു. മാര്‍ച്ച് 20ന് ഇത് സംബന്ധിച്ച് റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവാണ് ഹിന്ദുഐക്യവേദി നേതാക്കളായ മഞ്ഞപ്പാറ സുരേഷ്, ഗോപാലകൃഷ്ണന്‍ എന്നിവര്‍ നല്‍കിയ കേസില്‍ സ്റ്റേ ചെയ്തിരിക്കുന്നത്. കൊട്ടാരക്കര നഗരസഭ മുന്‍പ് ഇതേ വസ്തുവിന്റെ ഭാഗത്ത് കൊട്ടാരക്കര ശ്രീധരന്‍നായരുടെ പ്രതിമ സ്ഥാപിച്ചതും ഹിന്ദു ഐക്യവേദിയുടെ ഇടപെടലിലൂടെ കേരള ഹൈക്കോടതി ഉത്തരവിന്‍പ്രകാരം എടുത്തുമാറ്റിയിരുന്നു. അതുവരെ മണികണ്ഠന്‍ ആല്‍ത്തറ നഗരസഭയുടേതെന്ന വാദമായിരുന്നു അവര്‍ ഉന്നയിച്ചത്. റവന്യൂ പുറമ്പോക്ക് എന്ന നിലയില്‍ വീണ്ടും റവന്യൂ വകുപ്പുവഴി ഭൂമി കൈയേറാനുള്ള നഗരസഭയുടെ നീക്കത്തിനാണ് തിരിച്ചടിയായത്.
മണികണ്ഠന്‍ ആല്‍ത്തറ ഉള്‍പ്പെടുന്ന 97 സെന്റ് സ്ഥലം പഴയ സര്‍വെ നമ്പരില്‍ നിന്നും തരംമാറ്റിയാണ് റീസര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ നഗരസഭയുടെയും റവന്യൂ വകുപ്പിന്റേയും സ്ഥലമാണെന്ന് വരുത്തി ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമി കയ്യേറാനും നഗരസഭക്ക് പാട്ടത്തിന് നല്‍കാനുമുള്ള നീക്കത്തിലായിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.