
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണ് ഇന്ന് കൊട്ടിക്കലാശം. രാത്രി 7.30ന് കണ്ണൂര്‍ ജവഹര്‍ മൈതാനത്ത് നടക്കുന്ന സൂപ്പര്‍ ഫൈനലില്‍ കിരീടം ലക്ഷ്യമിട്ട് കണ്ണൂര്‍ വാരിയേഴ്സും തൃശൂര്‍ മാജിക് എഫസിയും കൊമ്പുകോര്‍ക്കും. ആര് ജയിച്ചാലും എസ്എല്‍കെയില്‍ ഒരു പുതിയ ജേതാവാകും ഇത്തവണ കപ്പുയര്‍ത്തുക. രണ്ട് ടീമുകളും ആദ്യമായാണ് എസ്എല്‍കെ ഫൈനലിലെത്തുന്നത്.
കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരും ഗ്രൂപ്പിലെ ടോപ്പേഴ്‌സുമായ കാലിക്കറ്റ് എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫൈനലിന് യോഗ്യത നേടിയപ്പോള്‍ തൃശൂര്‍ മാജിക് എഫ്‌സി മലപ്പുറം എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കലാശപ്പോരാട്ടത്തിന് വരുന്നത്.
തുല്യശക്തികളുടെ പോരാട്ടമായിരിക്കും ഇന്ന് നടക്കുക. സീസണില്‍ കണ്ണൂരില്‍ നടന്ന അഞ്ച് ഹോം മത്സരങ്ങളില്‍ ഒന്നില്‍ പോലും വിജയിക്കാന്‍ വാരിയേഴ്സിന് കഴിഞ്ഞിരുന്നില്ല. അതുതന്നെയാണ് അവരുടെ ഏറ്റവും വലിയ വെല്ലുവിളി. ടൂര്‍ണമെന്റില്‍ ഇതുവരെ നാല് ഗോളടിച്ച് തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന 21 വയസ്സുകാരന്‍ മുഹമ്മദ് സിനാനിലാണ് വാരിയേഴ്സിന്റെ പ്രതീക്ഷ മുഴുവനും. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ നടക്കുന്ന ഫൈനലില്‍ നാട്ടുകാരനായ സിനാന്‍ മിന്നിയാല്‍ കപ്പ് സ്വന്തമാക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് കോച്ചും ക്ലബ് അധികൃതരും. ഹോം മത്സരങ്ങളില്‍ രണ്ട് സമനിലയും മൂന്ന് തോല്‍വിയും വഴങ്ങി ഏറെ വിമര്‍ശനം നേരിട്ട പ്രതിരോധ നിരയാണ് കണ്ണൂരിന്റേത്. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രതിരോധനിര കാഴ്‌ച്ചവച്ച മികച്ച പ്രകടനമാണ് ഫൈനലില്‍ ടീമിന്റെ വലിയ പ്രതീക്ഷയാകുന്നത്. നിക്കോളാസും വികാസും നയിക്കുന്ന പ്രതിരോധനിര ലീഗിലെ അവസാന മത്സരത്തില്‍ തൃശൂരിനെതിരെയും സെമിയില്‍ കാലിക്കറ്റ് എഫ്സിക്കെതിരെയും കെട്ടി ഉയര്‍ത്തിയ കോട്ട അതിന്റെ ഒന്നാന്തരം തെളിവാണ്. ഈ രണ്ട് കളികളിലും ഒരു ഗോള്‍ പോലും വഴങ്ങിയില്ല. അവസരത്തിനൊത്ത് കളി ശൈലി മാറ്റാന്‍ തന്ത്രങ്ങളുടെ ആശാനായി മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസുമുണ്ട് എന്നതും ടീമിന് ആത്മവിശ്വാസം നല്‍കുന്നു.
ടീമിലെ താരങ്ങളാരും പരിക്കിന്റെ പിടിയിലല്ല. അതുകൊണ്ടു തന്നെ സര്‍വസജ്ജമായ ഇലവനെയയിരിക്കും കോച്ച് ഇന്ന് കപ്പുയര്‍ത്താനായി ഗ്രൗണ്ടിലിറക്കുക. ഗോള്‍വലയ്‌ക്ക് മുന്നില്‍ അല്‍കേഷ് രാജ് തന്നെയായിരിക്കും ഇറങ്ങുക. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീം ഗോള്‍ വഴങ്ങാതിരുന്നതിന് പിന്നില്‍ വലയ്‌ക്കമുന്നില്‍ അല്‍കേഷ് കാഴ്‌ച്ചവച്ച മിന്നും പ്രകടനം കൂടിയുണ്ട്. പ്രതിരോധത്തില്‍ കോട്ട കെട്ടുക നിക്കോളാസ് ഡെല്‍മോണ്ടെ, മനോജ്, സന്ദീപ്, വികാസ് തുടങ്ങിയവരായിരിക്കും. അസിയര്‍ ഗോമസ്, അര്‍ജുന്‍, കീന്‍ ലൂയിസ്, ലവ്‌സാംബ തുടങ്ങിയവര്‍ മധ്യനിരയിലും മുന്നേറ്റത്തില്‍ സിനാനൊപ്പം സര്‍ഡിനേറോയും ഇറങ്ങുമെന്നാണ് കണക്കുകൂട്ടല്‍.
സൂപ്പര്‍ ലീഗിലെ മികച്ച ടീമുകളില്‍ ഒന്നാണ് തൃശൂര്‍ മാജിക് എഫ്‌സി. ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി ഫിനിഷ് ചെയ്തു. ലീഗില്‍ ഏറ്റവും കുറവ് ഗോള്‍ വഴങ്ങിയതും അടിച്ചതും തൃശൂര്‍ മാജിക് ആണ്. അത്ര കടുത്തതാണ് അവരുടെ പ്രതിരോധം. കൂടാതെ ഐ ലീഗില്‍ മികച്ച താരങ്ങളില്‍ ഒരാളായിരുന്ന മാര്‍ക്കസ് ജോസഫ് സെമിയില്‍ ഹാട്രിക്കോടെ മിന്നുന്ന ഫോമിലേക്ക് തിരിച്ചെത്തിയതും തൃശൂരിന് ആത്മവിശ്വാസം നല്‍കുന്നു. ലെനി റോഡ്രിഗസ് നയിക്കുന്ന മധ്യനിരയും മെയില്‍സണ്‍ ആല്‍വസ് നയിക്കുന്ന പ്രതിരോധ നിരയും മികച്ചതാണ്. ഗോള്‍ പോസ്റ്റില്‍ ഇന്ത്യന്‍ അണ്ടര്‍ 23 കമാലുദ്ദീന്‍ ഡബിള്‍ സ്‌ട്രോങ്. പ്രതിരോധത്തില്‍ നായകന്‍ മെയ്ല്‍സണ്‍ ആല്‍വസിനൊപ്പം ബിബിന്‍ അജയന്‍, തേജസ് കൃഷ്ണ, മുഹമ്മദ് ജിയാദ്, മധ്യനിരയില്‍ ലെനി റോഡ്രിഗസിനൊപ്പം ഫ്രാന്‍സിസ് ന്യുയര്‍, നവീന്‍ കൃഷ്ണ, എസ്.കെ. ഫായിസ് എന്നിവരും ഇറങ്ങിയേക്കും. മുന്നേറ്റത്തില്‍ ഇന്നും മാര്‍കസ് ജോസഫിനൊപ്പം ഇവാന്‍ മാര്‍കോവിച്ചോ, കെവിന്‍ പാഡില്ലയോ ഇറങ്ങിയേക്കും.
കണക്കുകളില്‍ ആതിഥേയര്‍ക്കാണ് മുന്‍തൂക്കം. കണ്ണൂര്‍ വാരിയേഴ്‌സിന് എതിരെ സൂപ്പര്‍ ലീഗില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം സീസിണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മത്സരം സമനിലയിലും പിരിഞ്ഞു. രണ്ട് ടീമുകളും കിരീടം സ്വന്തമാക്കാനുറച്ച് ജവഹര്‍ മൈതാനത്ത് കൊമ്പുകോര്‍ക്കുമ്പോള്‍ ഫലം പ്രവചനാതീതമാകുമെന്ന് ഉറപ്പ്.