കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു. തോരായിക്കടവ് പാലമാണ് തകര്‍ന്നുവീണത്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. പാലത്തിന്റെ മധ്യഭാഗത്തെ ബീം തകര്‍ന്ന് കോണ്‍ക്രീറ്റ് ഉള്‍പ്പെടെ താഴേക്ക് പതിക്കുകയായിരുന്നു.
പാലത്തിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കെയാണ് അപകടം. പുഴയുടെ മധ്യത്തിലേക്കാണ് പാലം തകര്‍ന്നുവീണത്. അതേസമയം നിര്‍മാണത്തൊഴിലാളികള്‍ അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
കോഴിക്കോട്-ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണിത്. കിഫ്ബി മുഖേനയാണ് പാലത്തിന്റെ പണി പൂര്‍ത്തിയാക്കുന്നത്. 23.82 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. മലപ്പുറത്തെ പി.എം.ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മാണ കരാര്‍ നല്‍കിയിട്ടുള്ളത്.