• Tue. Nov 5th, 2024

24×7 Live News

Apdin News

കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനം: ശിക്ഷയില്‍ വാദം ഇന്ന്

Byadmin

Nov 5, 2024



കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാര്‍ വിധിച്ചു. ഒരാളെ വെറുതേ വിട്ടു. ശിക്ഷ സംബന്ധിച്ച വാദം ഇന്ന് നടക്കും. സുരക്ഷാ ഭീഷണി മൂലം പ്രതികളെ കോടതിയില്‍ ഹാജരാക്കില്ല.

നിരോധിത ഭീകര സംഘടനയായ ബേസ് മൂവ്മെന്റ് അംഗങ്ങളായ തമിഴ്നാട് മധുര കീഴാവേളി സ്വദേശികളായ അബ്ബാസ് അലി (31), ഷംസൂണ്‍ കരിംരാജ (33), ദാവൂദ് സുലൈമാന്‍ (27) എന്നിവരെയാണ് ശിക്ഷിച്ചത്. നാലാം പ്രതി ഷംസുദ്ദീനെ (28) വെറുതേ വിട്ടു. ഭീകര പ്രവര്‍ത്തനത്തിന് പ്രതികള്‍ക്ക് പണം സമാഹരിച്ചു നല്കി എന്നതായിരുന്നു ഇയാള്‍ക്കെതിരായ കുറ്റം. അഞ്ചാം പ്രതി മുഹമ്മദ് ആയൂബിനെ മാപ്പ് സാക്ഷിയാക്കിയായിരുന്നു വിചാരണ.

ആന്ധ്ര ചിറ്റൂരിലെ സ്‌ഫോടനക്കേസിലും പ്രതികളായ ഇവര്‍ കടപ്പ സെന്‍ട്രല്‍ ജയിലിലായിരുന്നു. കളക്ടറേറ്റ് സ്ഫോടന കേസ് വിചാരണയ്‌ക്കായി ചിറ്റൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. തങ്ങളെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. വിചാരണയ്‌ക്കിടെ പ്രതികള്‍ കോടതിയുടെ ജനല്‍ ചില്ല് അടിച്ചുപൊട്ടിച്ച കേസും കോടതിയിലുണ്ട്.

മലപ്പുറം കളക്ടറേറ്റ്, നെല്ലൂര്‍, ചിറ്റൂര്‍, മൈസൂരു എന്നിവിടങ്ങളിലെ സ്‌ഫോടനക്കേസുകളിലും പ്രതികളാണ് ഇവര്‍. ആന്ധ്ര ചിറ്റൂരിലുണ്ടായ സ്‌ഫോടനത്തിലും പ്രതികളാണെന്ന് കണ്ടെത്തിയതോടെയാണ് ചിറ്റൂര്‍ ജയിലിലേക്കു മാറ്റിയത്.

പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ആര്‍. സേതുനാഥ്, സിസിന്‍ ജി. മുണ്ടയ്‌ക്കല്‍, അഭിഭാഷകരായ മിലന്‍ മറിയം മാത്യു, പി.ബി. സുനില്‍, പാര്‍ത്ഥസാരഥി, ബി. ആമിന എന്നിവര്‍ പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് ഹാജരായി. കൊല്ലം മുന്‍ എസിപി ജോര്‍ജ് കോശി ആയിരുന്നു അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

By admin