
കൊല്ലം: തുടര്‍ച്ചയായി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത കൊല്ലത്തെ കശുവണ്ടി വ്യവസായി അനീഷ് ബാബുവിനെതിരെ കോടതിയില്‍ ഇ ഡി. പത്ത് തവണ സമന്‍സ് അയച്ചിട്ടും അവഗണിച്ചു. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പരാതി ഫയല്‍ ചെയ്തത്. നേരത്തെ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ അനീഷ്ബാബു കൈക്കൂലി ആരോപണം ഉന്നയിച്ചിരുന്നു.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് അനീഷിനും അമ്മയ്‌ക്കുമെതിരെ ഇ ഡി 10 സമന്‍സ് അയച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു സമന്‍സ് അയച്ചിരുന്നത്.
ആഫ്രിക്കന്‍ രാജ്യമായ താന്‍സാനിയയില്‍ നിന്ന് കുറഞ്ഞ വിലയ്‌ക്ക് കശുവണ്ടി ഇറക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇരുപത്തഞ്ച് കോടിയോളം രൂപ അനീഷ് ബാബു തട്ടിയെടുത്തതെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച പരാതി. കേസ് ഒതുക്കാന്‍ ഇ ഡി ഉദ്യോഗസ്ഥന്‍ രണ്ടരക്കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് അനീഷ് ബാബു പരാതിപ്പെട്ടിരുന്നു. വിജിലന്‍സിന് ലഭിച്ച പരാതിയില്‍ ഇ ഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു.