തിരുവനന്തപുരം : ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ മാതാവ് ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പണം ശ്രീതു പണം തട്ടിയെന്ന് പോലീസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസര്‍ എന്ന പേരില്‍ ഷിജു എന്നയാള്‍ക്ക് ശ്രീതു നിയമന ഉത്തരവ് കൈമാറിയെന്നും ഇതില്‍ 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നുമാണ് കേസ്. പോലീസിന് ലഭിച്ച പത്ത് പരാതികളില്‍ ഒന്നാണിത്. മറ്റ് പരാതികളില്‍ അന്വേഷണം നടക്കുകയാണെന്ന് എസ് പി. കെഎസ് സുദര്‍ശന്‍ അറിയിച്ചു.
രണ്ട് വയസ്സുള്ള കുഞ്ഞിനെ കിണറിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ദുരൂഹത നീക്കാന്‍ ഇനിയും പോലീസിനു കഴിഞ്ഞിട്ടില്ല. താനാണ് കൃത്യം ചെയ്തതെന്ന് കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാര്‍ പോലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
എന്നാല്‍, എന്തിനാണ് ഇത് ചെയ്തതെന്ന കാര്യത്തില്‍ പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കുഞ്ഞിന്റെ മാതാവ് ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തത്.