കൊല്ലവര്‍ഷം ആരംഭിക്കുന്നത് കര്‍ക്കടകം രാശിയില്‍നിന്ന് സൂര്യന്‍ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കുമ്പോഴാണ്. (ഇന്ന് കൊല്ലവര്‍ഷം 1201 ചിങ്ങം 1 ആണ്). ജ്യോതിശാസ്ത്രപ്രകാരം സൂര്യന്റെ സ്വക്ഷേത്രമാണ് ചിങ്ങം രാശി. അതുകൊണ്ടുതന്നെ ചിങ്ങം ഒന്നാം തീയതിയാണ് മലയാളവര്‍ഷമായ കൊല്ലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ മലബാറില്‍ കൊല്ലവര്‍ഷം ആരംഭിക്കുന്നത് കന്നിമാസം ഒന്നാം തീയതി മുതലാണ്. കാരണം തിരുവിതാംകൂറിലെ കൊല്ലം നഗരത്തില്‍വച്ച് വേണാട്ടരചന്‍ പ്രഖ്യാപിച്ച കൊല്ലവര്‍ഷത്തിന്റെ വിശദാംശങ്ങള്‍ മലബാറിലേക്ക് എത്തിയപ്പോള്‍ കുറേ ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. ഈ ന്യൂനത പരിഹരിച്ചത് കേരളം മുഴുവനും കൊല്ലവര്‍ഷം ആരംഭിക്കുന്നത് ചിങ്ങമാസം ഒന്നാം തീയതിയാണെന്ന കേരള സര്‍ക്കാരിന്റെ നിയമത്തിലൂടെയാണ്.
കൊല്ലവര്‍ഷം ആദ്യംതന്നെ പ്രാബല്യത്തില്‍ വന്നത് തിരുവിതാംകൂറിലും തമിഴ്‌നാട്ടിലെ മധുരയിലും തിരുനെല്‍വേലിയിലും ശ്രീലങ്കയിലെ വടക്കന്‍ പ്രദേശങ്ങൡലുമാണ്. കൊല്ലവര്‍ഷത്തിന്റെ ഉപജ്ഞാതാവ് വേണാട് ഭരിച്ചിരുന്ന അയ്യന്‍ അടികള്‍ തിരുവടികളാണെന്നും ഉദയമാര്‍ത്താണ്ഡവര്‍മ്മ രാജാവാണെന്നും ഉള്ള അഭിപ്രായമാണ് ചരിത്രകാരന്മാരിലുള്ളത്. ക്രിസ്തുവര്‍ഷം എഡി 825 ആഗസ്റ്റ് 15 നാണ് കൊല്ലവര്‍ഷം ആരംഭിച്ചതെന്ന് അനുമാനിക്കുന്നു.
പില്‍ക്കാലത്ത് ലഭിച്ച പല ശിലാലിഖിതങ്ങള്‍ പരിശോധിച്ചാല്‍ ഈ അനുമാനം ശരിയാണെന്ന് ഉറപ്പിക്കാം. കേരളത്തിലെ ഔദ്യോഗിക രേഖകളില്‍ കൊല്ലവര്‍ഷമാണ് സൂചിപ്പിച്ചിരിക്കുന്നതെങ്കിലും, മലയാളികള്‍ പുതുവര്‍ഷാരംഭമായി അംഗീകരിച്ചിരിക്കുന്നത് മേടമാസം ഒന്നാം തീയതിയാണ്. സൂര്യന്‍ മീനം രാശിയില്‍നിന്ന് തന്റെ ഉച്ചക്ഷേത്രമായ മേടരാശിയിലേക്ക് പ്രവേശിക്കുന്നു. മേടമാസം ഒന്നാം തീയതി വിഷുക്കണി കണ്ട് മലയാളികള്‍ ആഘോഷിക്കുന്നു.