
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ അത്ഭുതമില്ലെന്ന് അതിജീവിത . കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്ന് അതിജീവിത
സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
എട്ടു വര്‍ഷം, ഒമ്പത് മാസം, 23 ദിവസങ്ങള്‍. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറുപേര്‍ ശിക്ഷിക്കപ്പെട്ടു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഈ വിധിയെ സമര്‍പ്പിക്കുന്നു- അതിജീവിത കുറിച്ചു.
ഒന്നാംപ്രതി തന്റെ പേഴ്‌സണല്‍ ഡ്രൈവര്‍ ആയിരുന്നുവെന്ന് ഇപ്പോഴും പറയുന്നവരോട് അത് ശുദ്ധ നുണയാണ്. അയാള്‍ തന്റെ ഡ്രൈവറോ ജീവനക്കാരനോ ഏതെങ്കിലും രീതിയില്‍ പരിചയമുള്ള വ്യക്തിയോ അല്ല.
2016ല്‍ താന്‍ ജോലി ചെയ്ത ഒരു സിനിമയ്‌ക്ക് വേണ്ടി പ്രൊഡക്ഷനില്‍ നിന്നും നിയോഗിക്കപ്പെട്ട ഒരാള്‍ മാത്രമാണ് ഒന്നാം പ്രതി സ്ഥാനത്തുളള ആള്‍. ഈ കുറ്റകൃത്യം നടക്കുന്നതിന് മുമ്പ് ഒന്നോ രണ്ടോ തവണമാത്രമാണ് അയാളെ കണ്ടിട്ടുള്ളതെന്നും അതിജീവിത വ്യക്തമാക്കി.
നിങ്ങള്‍ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകള്‍ പറയുന്നത് നിര്‍ത്തുമെന്ന് കരുതുന്നു. ഈ വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാമെങ്കിലും തനിക്കിതില്‍ അത്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിരുന്നു.
കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയില്‍ നിന്നും മാറുന്നു എന്നത് പ്രോസിക്യൂഷനും മനസിലായിരുന്നു. ഈ കോടതിയില്‍ വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് താന്‍ പലതവണ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.എന്നാല്‍ കേസ് ഇവിടെ നിന്നും മാറ്റണമെന്നുള്ള എല്ലാ ഹര്‍ജികളും നിഷേധിക്കുകയായിരുന്നുവെന്നും അതിജീവിത സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ താനിപ്പോള്‍ തിരിച്ചറിയുന്നു, ‘നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല’ തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായിധിപന്‍മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.