
ന്യൂദല്‍ഹി: മത്സരങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദൂരദര്‍ശന്റെയും ആകാശവാണിയുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും പ്രേക്ഷക സ്വാധീനം മെച്ചപ്പെടുത്താനും കേന്ദ്രം സുസ്ഥിര നടപടികള്‍ കൈക്കൊണ്ടുവരികയാണെന്ന് ലോക്‌സഭയല്‍ അറിയിച്ചു.
പുതിയ പരിപാടികള്‍ കൃത്യമായ ഇടവേളകളില്‍ പുറത്തിറക്കുക, പ്രാദേശിക ഭാഷകളില്‍ പരിപാടികള്‍ തയാറാക്കുക, പ്രാദേശിക കേന്ദ്രങ്ങളില്‍ പ്രാദേശിക കലാകാരന്മാരെ ഉള്‍പ്പെടുത്തുക എന്നിവയ്‌ക്കാണ് മുന്‍തൂക്കം. ദൂരദര്‍ശന്റെ 66 കേന്ദ്രങ്ങളിലും മികച്ച പ്രാദേശിക ഉള്ളടക്കം ഉറപ്പാക്കാന്‍ കലാകാരന്മാരുടെയും താല്‍ക്കാലിക സേവനദാതാക്കളുടെയും വേതന നിരക്കുകള്‍ പരിഷ്‌കരിച്ചു. 2021- 26 കാലയളവില്‍ 2,539.61 കോടി ചെലവില്‍ പ്രസാര്‍ഭാരതിയുടെ ആധുനികവല്‍ക്കരണവും നവീകരണവും പുരോഗമിക്കുകയാണ്.
2022- 25ല്‍ സര്‍ക്കാര്‍-ഇതര പരസ്യ വിഭാഗത്തില്‍ ആകാശവാണിയും ദൂരദര്‍ശനും ആകെ നേടിയ വരുമാനം 587.78 കോടിയാണ്. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി ഡോ. എല്‍. മുരുകന്‍ പറഞ്ഞു.