• Mon. Jan 19th, 2026

24×7 Live News

Apdin News

കോടികൾ വിലമതിക്കുന്ന ഫ്ലാറ്റും, വീടും , വാഹനങ്ങളും : പണം പലിശയ്‌ക്കും നൽകുന്നു : യാചകന്റെ സമ്പാദ്യം കേട്ട് ഞെട്ടി അധികൃതർ

Byadmin

Jan 19, 2026



ഇൻഡോർ ; സാധാരണ യാചകർ കൈനീട്ടുമ്പോൾ സഹതാപത്തോടെയാണ് നമ്മൾ അവർക്ക് പണം നൽകാറ് . എന്നാൽ ഇത്തരത്തിൽ ഭിക്ഷയെടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് . ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടെ എത്തി ഉദ്യോഗസ്ഥരോടു സംസാരിക്കവേയാണ് മൻകിലാൽ തന്റെ സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

ഭിക്ഷ യാചിച്ച് ദിവസവും ആയിരങ്ങൾ സമ്പാദിച്ചിരുന്ന മൻകിലാൽ തന്റെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളാണ്. മധ്യപ്രദേശിലെ ഭഗത്സിങ് നഗറിൽ മൂന്ന് നിലയുള്ള വീടും ശിവ് നഗറിൽ 600 ചതുരശ്ര അടി വിസ്തീർണമുള്ള വീടും ഒരു ഫ്ലാറ്റും തനിക്കുള്ളതായി മൻകിലാൽ പറയുന്നു.

മൂന്ന് ഓട്ടോറിക്ഷകൾ വാടകയ്‌ക്ക് നൽകിയിട്ടുണ്ട് . സെഡാൻ കാറുമുണ്ട്. ഇതിലാണ് പലപ്പോഴും മൻകിലാൽ ഭിക്ഷയാചിക്കാൻ എത്താറുള്ളത്. ശാരീരിക വൈകല്യമുള്ളതിനാൽ വാഹനം ഓടിക്കാൻ ഡ്രൈവറിനെയും നിയമിച്ചിട്ടുണ്ട്. ഇതിനു പുറമേ പണം പലിശയ്‌ക്ക് വായ്‌പ നൽകിയിട്ടുമുണ്ട്.ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് മൻകിലാൽ ഒരു വീട് സ്വന്തമാക്കിയത്. പിഎംഎവൈ പദ്ധതി പ്രകാരമാണ് ഇതു ലഭിച്ചത്. സ്വത്ത് വിവരങ്ങളെ പറ്റി കൂടുതൽ അന്വേഷിക്കാൻ ഒരുങ്ങുകയാണ് അധികൃതർ

By admin