
കോതമംഗലം: എറണാകുളം കോട്ടപ്പടിയിൽ കാട്ടാനയുടെ ആക്രമണം. ഇന്ന് രാവിലെ ഉണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കോതമംഗലം കുളങ്ങാട്ടുകുഴി സ്വദേശികളായ ഗോപി, അയ്യപ്പൻകുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 7 മണിയോടെ കോട്ടപ്പടിക്കടുത്തുള്ള വാവേലിയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ഇരുവരും അബദ്ധത്തിൽ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
കാട്ടാന തുമ്പിക്കൈ കൊണ്ട് ആക്രമിച്ചെങ്കിലും, ഇരുവരും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടൻതന്നെ നാട്ടുകാർ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് നിസ്സാരമാണെന്നും നില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു. അതേസമയം, വനം ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ആനയെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ സ്വീകരിച്ചു. മേഖലയിൽ കാട്ടാന ഭീഷണി നിലനിൽക്കുന്നതിനാൽ നാട്ടുകാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.