കോട്ടയം പൂഞ്ഞാറില്‍ മീനച്ചിലാറിന്റെ സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി. കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഇവിടെ നിന്ന് പിടികൂടിയിരുന്നു. ഇതിനു സമീപത്ത് പൂഞ്ഞാര്‍ കാവുംകടവ് പാലത്തിനു അടുത്താണ് എക്‌സൈസ് 35 സെ.മീ വലിപ്പമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.
കഞ്ചാവ് ഉപേക്ഷിച്ചപ്പോള്‍ അതിന്റെ അവശിഷ്ടങ്ങളില്‍നിന്ന് മുളച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ചെടി എക്സൈസ് ഉദ്യോഗസ്ഥര്‍ പിഴുതുകൊണ്ട് പോയി. ഇനിയും പ്രദേശത്തെവിടെയെങ്കിലും കഞ്ചാവ് ചെടിയുണ്ടോയെന്ന് പരിശോധിക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.
ഇന്നലെ രാത്രി പൂഞ്ഞാര്‍ പനച്ചിക്കപാറയിലാണ് 6 ഗ്രാം കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാര്‍ഥി എക്‌സൈസിന്റെ പിടിയിലായത്. പരിശോധനയ്ക്കിടെ വിദ്യാര്‍ഥി എക്‌സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിടുകയും ചെയ്തിരുന്നു.