• Sun. Feb 23rd, 2025

24×7 Live News

Apdin News

കോട്ടയം മെഡി. കോളേജിലെ ആ നേഴ്‌സിനോടാണ് പറയാനുള്ളത് : മാലാഖയെന്നാണ് വിളിപ്പേര് , അതു മറക്കരുത്!

Byadmin

Feb 20, 2025



കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് മൂന്നു വയസ്സുകാരി മരിച്ച സംഭവത്തില്‍ ഡ്യൂട്ടി നേഴ്‌സിനെതിരെ ഗുരുതരമായ ആക്ഷേപമുയര്‍ത്തി കുടുംബം. കട്ടപ്പന സ്വദേശിനി ആശയുടെ മകള്‍ ഏകപര്‍ണികയാണ് ചൊവ്വാഴ്ച മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചതോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡ്രിപ്പ് ഇട്ടുവെങ്കിലും അത് കുട്ടിയുടെ ശരീരത്ത് കയറുന്നില്ലെന്ന് നേഴ്‌സിനോട് പലവട്ടം പറഞ്ഞിട്ടും വന്നുനോക്കാന്‍ തയ്യാറായില്ലെന്നാണ് പ്രധാന ആക്ഷേപം. കുഞ്ഞിന്റെ നില ഗുരുതരമായപ്പോഴാണ് നിലവിളിച്ചുകൊണ്ട് ഡോക്ടര്‍മാരെ സമീപിച്ചതും അവര്‍ വന്നതും . ആദ്യം വന്ന ഡോക്ടര്‍ വിറക്കുന്നെന്ന് പറഞ്ഞ് മാറി നിന്നു. തുടര്‍ന്ന് മറ്റൊരു ഡോക്ടറാണ് പരിശോധിച്ചത്. അത്യാഹിത വിഭാഗത്തിലേക്ക് തങ്ങള്‍ തന്നെയാണ് കുട്ടിയെ എടുത്തു കൊണ്ട് പോയതെന്നും മാതാപിതാക്കള്‍ പറയുന്നുണ്ട്.
ആശുപത്രിയില്‍ വന്നപ്പോള്‍ മുതല്‍ ഡ്യൂട്ടി നേഴ്‌സ് മോശമായാണ് പെരുമാറിയതെന്നും കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി. ഒന്‍പതു വയസുള്ള മൂത്ത കുട്ടി ഒപ്പം നില്‍ക്കുന്നതിനെതിരെ നേഴ്‌സ് കയര്‍ത്തു . കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന് പരാതിപ്പെട്ടപ്പോള്‍ അവഗണിക്കുകയായിരുന്നു. സ്ഥിതി വഷളായതോടെ മറ്റെവിടെയെങ്കിലും കൊണ്ടുപോകാം എന്ന് പറഞ്ഞപ്പോഴും അങ്ങിനെ വിടാന്‍ പറ്റില്ലെന്ന് അധികൃതര്‍ പറഞ്ഞെന്നും ആശയും ഭര്‍ത്താവും വിഷ്ണുവും ആരോപിക്കുന്നു.
അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ആശുപത്രിക്ക് പിഴവു സംഭവിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ വിശദ അന്വേഷണം നടത്തുമെന്നും ഇതിനായി നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

 

By admin