കോട്ടയം: പാലായിൽ ഒരാൾ കുത്തേറ്റു മരിച്ചു. വള്ളിച്ചിറ വലിയകാലായിൽ പി.ജെ.ബേബി (60) ആണ് മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ ആരംകുഴക്കൽ എ.എൽ.ഫിലിപ്പോസ് ആണ് ബേബിയെ കുത്തിയത്. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറു മാസമായി മറ്റൊരാൾക്ക് ദിവസ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും.
ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽനിന്നു വായ്പയും എടുത്തിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മിൽ കാലങ്ങളായി തർക്കമുണ്ടായിരുന്നു.
രാവിലെ ഹോട്ടലിൽ എത്തിയപ്പോൾ ഇരുവരും തർക്കിക്കുകയും ഫിലിപ്പോസ് കത്തിയെടുത്ത് ബേബിയെ കുത്തുകയുമായിരുന്നു. നെഞ്ചിൽ കുത്തേറ്റ ബേബി മരിച്ചു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിൽ. സംഭവത്തിനു പിന്നാലെ ഓടി രക്ഷപ്പെട്ട ഫിലിപ്പോസിനായി തിരച്ചിൽ ആരംഭിച്ചു.