കോട്ടയം: രാസലഹരിയായ എം.ഡി.എം.എ വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ച നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് ആണ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ പ്രതികളെ പിടികൂടിയത്. മൊത്തം 76.64 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്.
ഞായറാഴ്ച പാമ്പാടിക്ക് സമീപമുള്ള മീനടം പുത്തന്‍പുര ഭാഗത്ത് മഠത്തില്‍ വീടിനുള്ളില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 68.98 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വാകത്താനം സ്വദേശി അമല്‍ദേവ് (37), അമല്‍ദേവിന്റെ ഭാര്യ ശരണ്യ രാജന്‍ (35), ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി രാഹുല്‍രാജ് (33) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അതേസമയം, തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെ കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ടി.ബി റോഡ് ഭാഗത്തെ ഒരു ലോഡ്ജ് മുറിയില്‍ നടത്തിയ പരിശോധനയില്‍ 7.66 ഗ്രാം എം.ഡി.എം.എയും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് *ഇടുക്കി പാറത്തോട് സ്വദേശി അന്‍വര്‍ ഷാ (29)*യെ അറസ്റ്റ് ചെയ്തു.
അന്‍വര്‍ ഷായ്‌ക്കെതിരെ പത്തനംതിട്ട പമ്പ പൊലീസിലും കരുനാഗപ്പള്ളി സ്റ്റേഷനിലും സമാനമായ ലഹരി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ലഹരി വില്‍പ്പനയും ഉപയോഗവും ചെറുക്കാനുള്ള ശക്തമായ നടപടികള്‍ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.