• Sat. May 17th, 2025

24×7 Live News

Apdin News

കോണ്‍ഗ്രസിന് ഉറക്കമില്ലാ രാത്രി സൃഷ്ടിച്ച് മോദിയുടെ നീക്കം;ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടന സംഘത്തെ നയിക്കാന്‍ ശശി തരൂര്‍

Byadmin

May 16, 2025


ദില്ലി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ലോകത്തെ അറിയിക്കാന്‍ മോദി സര്‍ക്കാരിന്റെ വിദേശ പര്യടന സംഘത്തെ ശശി തരൂർ എംപി നയിക്കും.

ഓപ്പറേഷന്‍ സിന്ദൂറിനെയും വെടിനിര്‍ത്തലിനെയും തുറന്ന് പിന്തുണച്ച ശശി തരൂരിന്റെ നിലപാടുകള്‍ കോണ്‍ഗ്രസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അതിന് പിന്നാലെയാണ് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഓപ്പറേഷന്‍ സിന്ദൂറിനെ ന്യായീകരിച്ച് വാദമുഖങ്ങള്‍ നിരത്തേണ്ട കേന്ദ്രസംഘത്തിന്റെ ചുമതല മോദി ശശി തരൂര്‍ എംപിയെ ഏല്‍പ്പിച്ചത്. ഇത് സോണിയാഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ജയറാം രമേശിന്റെയും ഉറക്കം കെടുത്തും.

കേന്ദ്ര സർക്കാരിന്റെ ഇത് സംബന്ധിച്ച ക്ഷണം തരൂർ സ്വീകരിച്ചു . യുഎസ്, യുകെ എന്നിവിടങ്ങളിൽ ആയിരിക്കും തരൂർ ഉൾപ്പെടുന്ന സംഘത്തിന്റെ പര്യടനം നടക്കുക.

പഹൽഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂര്‍ വരെയുള്ള കാര്യങ്ങള്‍ ഈ സംഘം ലോകരാജ്യങ്ങള്‍ക്ക് മുന്നിൽ അവതരിപ്പിക്കും. പാകിസ്ഥാനെ തുറന്നുകാണിക്കുക എന്നുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ ദൗത്യം. കശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാടും ശശി തരൂര്‍ യുഎസ്, യുകെ സര്‍ക്കാര്‍ പ്രതിനിധികളുടെ മുന്‍പില്‍ അവതരിപ്പിക്കും. ഈ ദൗത്യസംഘത്തിന്റെ ഭാഗമാകുന്നതോടെ തരൂരിനെതിരെ എന്ത് നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊള്ളുക എന്നറിയില്ല. മെയ് 22 മുതൽ ജൂണ്‍ പകുതി വരെയാണ് സംഘത്തിന്റെ യാത്ര തീരുമാനിച്ചിരിക്കുന്നത്.

യുഎന്നിലെ ജനറല്‍ സെക്രട്ടറിയ്‌ക്ക് തൊട്ടുതാഴെയുള്ള പദവി വര്‍ഷങ്ങളോളം വഹിച്ചിട്ടുള്ള ശശി തരൂരിന്റെ ഇക്കാര്യങ്ങളിലുള്ള അനുഭവപരിചയമാണ് മോദി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്.



By admin